prabhakaranബാബു ഭരദ്വാജുമായുള്ള എന്റെ പരിചയത്തിന് നാലര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ആദ്യഘട്ടത്തില്‍ അത് കേവലം പരിചയമായിരുന്നില്ല ; ഊഷ്മളമായ ഹൃദയബന്ധം തന്നെയായിരുന്നു. എന്നെ എന്റെയും ബാബു ഭരദ്വാജിനെ അദ്ദേഹത്തിന്റെയും ജീവിതത്തിരക്കുകള്‍ രണ്ട് വഴിക്ക് വലിച്ചു കൊണ്ടുപോയി. വല്ലപ്പോഴും ട്രെയിന്‍ യാത്രക്കിടയിലോ മറ്റോ അവിചാരിതമായി കണ്ടുമുട്ടുമ്പോഴുള്ള ഓര്‍മ പുതുക്കലും വിശേഷങ്ങള്‍ കൈമാറലും മാത്രമായി ഞങ്ങളുടെ ബന്ധം ചുരുങ്ങി.

ഒരു സാദാ എസ്.എഫ്.ഐ മെമ്പര്‍ക്ക് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ നേതാവുമായി ഉണ്ടാകാനിടയുള്ള ബന്ധമല്ല പത്തുനാല്പത്തഞ്ച് കൊല്ലം മുമ്പ് ബാബുവുമായി എനിക്കുണ്ടായിരുന്നത്. വൈയക്തികപ്രശ്‌നങ്ങളും രാഷ്ട്രീയ സംശയങ്ങളുമെല്ലാം ഞങ്ങള്‍ പൂര്‍ണമായ പരസ്പര വിശ്വാസത്തോടെ ചര്‍ച്ചചെയ്തിരുന്നു. ;വായനാനുഭവങ്ങള്‍ ആവേശപൂര്‍വം പങ്കുവെച്ചിരുന്നു. അതേ തലത്തില്‍ ഞങ്ങളുടെ ബന്ധം മുന്നോട്ടുപോയിരുന്നെങ്കില്‍ ഒരുവേള അത് ഞങ്ങളുടെ രണ്ടുപേരുടെയും സര്‍ഗാത്മകജീവിതത്തെ ഒരുപാട് സഹായിച്ചേക്കാമായിരുന്നു. അത് സംഭവിച്ചില്ല. ഇപ്പോള്‍ അതേ കുറിച്ച് ഓര്‍ക്കുന്നതില്‍ കാര്യമില്ലെന്നറിഞ്ഞു കൊണ്ടു തന്നെയാണ് മനസ്സ് ആ വഴിക്ക് പോയത്.

ബാബുഭരദ്വാജിനെ ഞാന്‍ ആദ്യം ശ്രദ്ധിക്കുന്നത് മാതൃഭൂമി ബാലപംക്തിയില്‍ വളരെ വ്യത്യസ്തമായ കവിതകള്‍ എഴുതുന്ന ആളെന്ന നിലയ്ക്കാണ്. നേരിട്ട് പരിചയപ്പെടുന്നത് 1970ന്റെ തുടക്കത്തില്‍ എപ്പോഴോ ആണെന്നു തോന്നുന്നു. ആയിടെ ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തിയ കവിസമ്മേളനത്തില്‍ വെച്ചും  മറ്റു ചില സൗഹൃദകൂട്ടായ്മകളില്‍ വെച്ചും ബാബുവിനെ കാണാനും സാമാന്യം വിസ്തരിച്ചു തന്നെ സാഹിത്യകാര്യങ്ങള്‍ സംസാരിക്കാനും അവസരമുണ്ടായി. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ എഞ്ചിനിയറായി ബാബു അഴീക്കോട് ജോലി ചെയ്യുമ്പോഴും ഞങ്ങള്‍ തമ്മില്‍ കാണുകയും ആശയവിനിമയം ചെയ്യുകയും ചെയ്തിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സാഹസികമായ മുന്നേറ്റങ്ങള്‍ അക്കാലത്തെ പ്രേക്ഷകസമൂഹത്തെ മുഴുവന്‍ പിടിച്ചുലക്കും വിധത്തില്‍ ആവിഷ്‌ക്കരിച്ച  “ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍” എന്ന സിനിമയുടെ നിര്‍മാതാവാണ് ബാബു ഭരദ്വാജ്. തികച്ചും പ്രതികൂലവും ആപല്‍ക്കരവുമായ സാഹചര്യങ്ങളില്‍ നിര്‍വഹിക്കപ്പെടുന്ന രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെയും വ്യക്തികളില്‍ അവ സൃഷ്ടിക്കുന്ന വൈകാരികാഘാതങ്ങളുടെയും ആവിഷ്‌കാരത്തിലുള്ള അഭിനിവേശമാവാം ആ സിനിമ നിര്‍മിക്കുന്നതിലേക്ക് ബാബുവിനെ എത്തിച്ചത്.

ആ അഭിനിവേശം തന്നെ വ്യത്യസ്തമായ ചേരുവകളില്‍ പ്രത്യക്ഷപ്പെടുന്നവയാണ് അദ്ദേഹത്തിന്റെ നോവലുകളും കഥകളും പ്രവാസജീവിതത്തിന്റയും യാത്രയുടെയും അനുഭവാവിഷ്‌ക്കാരങ്ങളും. ഏതനുഭവത്തെയും ചരിത്രത്തിന്റെയും മനുഷ്യവംശത്തിന്റെയാകെ ആത്മവേദനകളുടെയും പശ്ചാത്തലത്തിലാണ് ബാബു അവതരിപ്പിച്ചത്.

അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും  തികച്ചും പ്രാദേശികമായ അനുഭവങ്ങള്‍ക്കു പോലും വ്യത്യസ്തമായൊരു മാനം കൈവരുന്നത്  അതിലൂടെയാണ്. മുഖ്യധാരാ കമ്യൂണിസ്റ്റ് പാരട്ടികളുടെ നയങ്ങളെയും നടപടികളെയും നിര്‍ദ്ദയം വിമര്‍ശിച്ചിരുന്നു ബാബുഭരദ്വാജിലെ രാഷ്ട്രീയ നിരീക്ഷകന്‍. അപ്പോഴും പക്ഷേ, മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തെ തങ്ങളുടെ ആന്തരികജീവിതത്തിന്റെ ആധാരമാക്കി ,സ്ഥാനമാനങ്ങളില്‍ അണുപോലും ഭ്രമം പുലര്‍ത്താതെ പാര്‍ട്ടി പ്രവര്‍ത്തനവും ജനസേവനവും നിര്‍വഹിച്ചിരുന്ന പഴയകാലത്തെ ചില മാതൃകാ കമ്യൂണിസ്റ്റുനേതാക്കള്‍ക്കു മാത്രം സാധിച്ച വിധത്തില്‍ വിശാലമായ മാനവികതാബോധത്തോടെയാണ് ബാബുതന്റെ കഥാപാത്രങ്ങളുടെ ജീവിതത്തെ സമീപിച്ചിരുന്നത്. അത്തരത്തിലുള്ള ജീവിത ചിത്രീകരണങ്ങളുടെ സൗന്ദര്യവും പ്രാധാന്യവും മനസ്സിലാക്കാനാവുന്ന ഉയരം നമ്മുടെ ഭാവുകത്വത്തിന് ഇപ്പോഴും വലിയൊരളവോളം അന്യം തന്നെയാണ്.