ബംഗളൂരു: ബുള്ളറ്റുകള്‍ കൊണ്ട് ആളുകളെ കൊലപ്പെടുത്തുകയാണെങ്കില്‍ എന്റെ ഇന്ത്യ ഇല്ലാതാകുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബുള്ളറ്റുകളാല്‍ കൊല്ലപ്പെടാതിരിക്കുകയും ചര്‍ച്ചയ്ക്കും ആശയസംവാദത്തിനും അവസരമുണ്ടാകുകയും ചെയ്യുമ്പോള്‍ മാത്രമേ ജനാധിപത്യത്തിനും ഇന്ത്യ എന്ന സങ്കല്‍പത്തിനും ഒരുമിച്ച് നില്‍ക്കാന്‍ കഴിയുകയുള്ളൂവെന്നും യെച്ചൂരി പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. ജനാധിപത്യത്തിന്റെയും ഇന്ത്യ എന്ന സങ്കല്‍പത്തിന്റെയും കാലാള്‍പ്പടയാളിയായാണ് താന്‍ ഇവിടെ നില്‍ക്കുന്നതെന്നും പരിപാടിയില്‍ യെച്ചൂരി പറഞ്ഞു.

 

വൈവിധ്യങ്ങളെ എതിര്‍ക്കുന്നവരുടെയും ഹിന്ദുരാഷ്ട്രത്തിന്റെ ഇരയായിരുന്നു മഹാത്മഗാന്ധി. ഗൗരി ലങ്കേഷിന് സംഭവിച്ചത് ഒറ്റപ്പെട്ടതല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും യെച്ചൂരി പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ ഏകാധിപത്യത്തിന് ശ്രമിക്കുന്നുണ്ടെന്നുള്ള തിരിച്ചറിവിലാണ് നമ്മള്‍ ഇവിടെ ഒരുമിച്ച് കൂടിയതെന്നും യെച്ചൂരി പറഞ്ഞു.

കണ്‍വെന്‍ഷനില്‍ ജിഗ്നേഷ്‌മെവാനി, ടീസ്റ്റ സെതല്‍വാദ്, കവിതാ കൃഷ്ണന്‍, മേധാപട്കര്‍, പ്രശാന്ത ഭൂഷണ്‍, യോഗേന്ദ്ര യാദവ്, ആനന്ദ് പട്‌വര്‍ധന്‍, രാകേഷ് ശര്‍മ, പി.സായ്‌നാഥ്, സാഗരിക ഘോസ്, പ്രകാശ് റായ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.