'മുസ്‌ലിങ്ങള്‍ പശുക്കളെ സ്വന്തമാക്കിവെച്ചിരിക്കുന്നത് ലൗ ജിഹാദ്'; പശുക്കളെ ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ബി.ജെ.പി നേതാവ്
national news
'മുസ്‌ലിങ്ങള്‍ പശുക്കളെ സ്വന്തമാക്കിവെച്ചിരിക്കുന്നത് ലൗ ജിഹാദ്'; പശുക്കളെ ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും ബി.ജെ.പി നേതാവ്
ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 10:21 pm

ബാരാബങ്കി: മുസ്‌ലിം വിരുദ്ധ പരാമര്‍ശവുമായി മറ്റൊരു ബി.ജെ.പി നേതാവ് കൂടി രംഗത്ത്. മുസ്‌ലിങ്ങള്‍ പശുക്കളെ സ്വന്തമാക്കി വെച്ചിരിക്കുന്നത് ‘ലൗ ജിഹാദ്’ ആണെന്നും അവയെ മുസ്‌ലിം വീടുകളില്‍ നിന്നു രക്ഷിക്കണമെന്നുമാണ് ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രഞ്ജിത് ബഹദൂര്‍ ശ്രീവാസ്തവയുടെ അഭിപ്രായം.

‘മുസ്‌ലിങ്ങളുടെ വീടുകളിലെ പശുക്കളെ തിരിച്ചുകൊണ്ടുവരണം. നമ്മുടെ വീടുകളിലെ പെണ്‍കുട്ടികളെ അവരുടെ വീടുകളിലേക്കു കൊണ്ടുപോകുന്നത് ലൗ ജിഹാദാണെങ്കില്‍ ഗോമാതാവിനെ അങ്ങനെ കൊണ്ടുപോകുന്നതും ലൗ ജിഹാദായി പരിഗണിക്കേണ്ടതില്ലേ ? എന്തു വിലകൊടുത്താലും അവരെ തിരിച്ചുകൊണ്ടുവരണം.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പശുക്കളെ ഹിന്ദു ആചാരപ്രകാരം സംസ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘പശുക്കള്‍ നമ്മുടെ അമ്മയെപ്പോലെയാണ്. അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നമ്മുടെ അമ്മമാര്‍ക്കു ചെയ്യേണ്ടതുപോലെ ചെയ്യണം.’- അദ്ദേഹം പറഞ്ഞു.

പശുക്കള്‍ക്കുവേണ്ടി ഇലക്ട്രിക് ശ്മശാനം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിങ്ങള്‍ക്കു കൂടുതല്‍ യോജിച്ചത് ആടുകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇരു മതവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുസ്‌ലിങ്ങളെ ഹിന്ദുമതത്തിലേക്കു മാറ്റണമെന്നും ശ്രീവാസ്തവ പറഞ്ഞു.

‘ഇന്ത്യയിലേക്കു മുസ്‌ലിങ്ങള്‍ വന്നപ്പോള്‍ ഭൂരിഭാഗം ഹിന്ദുക്കളും ഇസ്‌ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ടു. അവര്‍ ഞങ്ങളുടെ സഹോദരങ്ങളാണ്. അവരെ അവരുടെ പഴയ മതത്തിലേക്കു തിരികെക്കൊണ്ടുവരണം.’- അദ്ദേഹം പറഞ്ഞു.