സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു
indian cinema
സംഗീത സംവിധായകൻ എസ്. പി വെങ്കിടേഷ് അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd February 2026, 12:59 pm

‘സംഗീത രാജൻ’ എന്നറിയപെടുന്ന എസ്. പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ രാവിലെ ശുചി മുറിയിൽ കുഴഞ്ഞു വീണാണ് അന്ത്യം. 1968 മുതൽ സിനിമ സംഗീത സംവിധാന രംഗത്ത് സജീവമായ ഇദ്ദേഹം നിരവധി സൂപ്പർ ഹിറ്റ് സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട് 70കളിലെയും 90കളിലേയും മറക്കാനാവാത്ത നിരവധി മലയാളം ഗാനങ്ങൾക്ക് ഈണങ്ങള്‍ നൽകി. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്.

സത്യൻ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലൻ എം.എയിൽ എ.ടി.ഉമ്മറിന്റെ അസിസ്‌റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളിൽ സംഗീത സംവിധായകനായി സജീവമാകുന്നത്. ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തിൽ കൂടുതൽ പരിചിതനാക്കിയത്.

എസ്. പി വെങ്കിടേഷ് സംഗീതം നൽകിയ കറുകവയൽ കുരുവി പാട്ടിന്റെ പോസ്റ്റർ , Photo: YouTube/ Screengrab

തൊണ്ണൂറുകളോടെ എസ്.പി വെങ്കടേഷ് മലയാളത്തിൽ തിളങ്ങി. രാജാവിന്റെ മകൻ, വിളംബരം, വഴിയോരക്കാഴ്ച‌കൾ, ദൗത്യം, ഭൂമിയിലെ രാജാക്കൻമാർ, വ്യൂഹം, കുട്ടേട്ടൻ, അപ്പു (പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്‌ചയ്ക്കപ്പുറം, എന്നോടിഷ്‌ടം കൂടാമോ, കിലുക്കം, ജോണി വാക്കർ, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാൽസല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാർ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

കനകനിലാവേ, കറുക വയല്‍ക്കുരുവീ,പാല്‍നിലാവിലും ഒരു നൊമ്പരം, ശാന്തമീരാത്രിയില്‍, വാല്‍ക്കണ്ണെഴുതിയ മകര നിലാവില്‍, നീലാഞ്ജനപ്പൂവിന്‍ താരാട്ടൂഞ്ഞാലില്‍ തുടങ്ങി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി.

1993-ൽ പൈതൃകം , ജനം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു . പൈതൃകം എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

Content Highlight: Music director S. P. Venkatesh passes away