എണ്‍പതുകളിലും തൊണ്ണൂറുകളിലും പുറത്തിറങ്ങിയ മലയാള സിനിമകളിലൂടെ ഇന്റസ്ട്രിയില്‍ വേരുറപ്പിച്ച അഭിനേതാക്കളാണ് മോഹന്‍ലാല്‍, ജഗദീഷ്, മുകേഷ് എന്നിവര്‍. എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളുടെ ഭാഗമായ ഇവര്‍ ഒന്നിച്ചെത്തിയ സിനിമകളെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. വളരെ അപൂര്‍വമായി മാത്രമാണ് മൂന്ന് പേരും ഒന്നിച്ച് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
1989ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വന്ദനം എന്ന ചിത്രത്തിലൂടെയായിരുന്നു മോഹന്‍ലാല്‍-മുകേഷ്-ജഗദീഷ് കോമ്പോ ആദ്യമായി ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍, കേന്ദ്രകഥാപാത്രമായ ഉണ്ണികൃഷ്ണനെ അവതരിപ്പിച്ച ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായ പീറ്റര്‍ കളിയിക്കലും കെ.പി നായരുമായിട്ടായിരുന്നു മുകേഷും ജഗദീഷും വേഷമിട്ടത്.
ചിത്രത്തില്‍ പൊലീസ് വേഷത്തിലെത്തിയ മൂവരും കോമഡി സീനുകളില്‍ അഴിഞ്ഞാടിയതോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂവുള്ള സിനിമകളിലൊന്നായ് വന്ദനം മാറിയിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്ന് താരങ്ങളും തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L366 ന്റെ ഭാഗമാകുന്നുണ്ടെന്ന വാര്‍ത്തയാണ് വീണ്ടും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകര്‍ വീണ്ടും ആവേശത്തിലായിരിക്കുന്നത്.
37 വര്‍ഷങ്ങള്‍ക്ക് ശേഷം റീയൂണിയന്‍ എന്ന ക്യാപ്ഷനോടെ ഒരു ആരാധകന്‍ എഡിറ്റ് ചെയ്ത വീഡിയോ മുകേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് സിനിമാ പ്രേമികള്‍ക്കിടയില്‍ ഈ ഒത്തുച്ചേരല്‍ ശ്രദ്ധിക്കപ്പെടുന്നത്. നടന്‍ ലാലു അലക്‌സിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോയില്‍ പൊലീസ് യൂണിഫോമിലാണ് ജഗദീഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ മോഹന്‍ലാലും പൊലീസാണെന്ന് വ്യക്തമായിരുന്നു.
ചിത്രത്തില്‍ മുകേഷും പൊലീസ് വേഷത്തിലാണെത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ വന്ദനത്തിലേത് പോലെ തങ്ങളുടെ പ്രിയതാരങ്ങളെ പൊലീസ് വേഷത്തില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. മുകേഷ് പങ്കുവെച്ച വീഡിയോക്ക് താഴെ പലരും ഈ ആവേശം കമന്റുകളിലൂടെ പ്രകടമാക്കുന്നതും കാണാം.
വന്ദനത്തില്‍ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ഡയലോഗുകളാണ് പലരും കമന്റുകളായി രേഖപ്പെടുത്തുന്നത്. ഇനി മേലാല്‍ ഈ ഇന്‍വെസ്റ്റിഗേഷന്‍ റൂമില്‍ പെണ്ണ് പ്രേമം എന്നെങ്ങാനും മിണ്ടിയാല്‍ എന്റമ്മയാണെ നിന്നേം കൊല്ലും ഞാനും ചാവും, ലോനപ്പന്‍ കളിയ്ക്കനാണെ സത്യം. ഡേയ് കളിയിക്കാ .. നീ എസൈയാ…..? നീയും എസ്സൈയാ തുടങ്ങി ചിത്രത്തിലെ ഒട്ടുമിക്ക ഡയലോഗുകളെല്ലാം കമന്റ് ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Content Highlight: Mukesh shared video goes viral about his reunion with Jagadeesh and Mohanlal in L366
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.