അവന്‍ ഏകദിന ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല; സൂപ്പര്‍ താരത്തെ കുറിച്ച് കൈഫ്
Cricket
അവന്‍ ഏകദിന ലോകകപ്പ് കളിക്കുമെന്ന് ഉറപ്പില്ല; സൂപ്പര്‍ താരത്തെ കുറിച്ച് കൈഫ്
ഫസീഹ പി.സി.
Tuesday, 23rd June 2026, 4:30 pm

2027 ഏകദിന ലോകകപ്പില്‍ സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യ കളിച്ചേക്കില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഹര്‍ദിക് ഒരു മാച്ച് വിന്നറാണെന്നും നിലവില്‍ താരത്തെക്കാള്‍ മികച്ചൊരു ഓള്‍ റൗണ്ടര്‍മാരില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഹര്‍ദിക്കിനെ ശരീരം ദുര്‍ബലമാണെന്നും ഇപ്പോഴും താരത്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.

മുഹമ്മദ് കൈഫ്, Photo:Cricket Central/x.com

‘ഹര്‍ദിക് പാണ്ഡ്യയെക്കുറിച്ചും അവന്‍ ലോകകപ്പില്‍ കളിക്കുന്നതിനെ കുറിച്ചും എനിക്ക് യാതൊരു ഉറപ്പും പറയാന്‍ കഴിയില്ല. അവന്റെ കാര്യത്തില്‍ ഒരു വ്യക്തതയില്ല. അവന്‍ ഒരു വലിയ മാച്ച് വിന്നറാണ്. നിലവില്‍ അവനെക്കാള്‍ മികച്ചൊരു ഓള്‍റൗണ്ടര്‍ വേറെയില്ല. അത് അവനും അറിയാം.

എന്നാല്‍ ഹര്‍ദികിന്റെ ശരീരം അത്രയ്ക്ക് ദുര്‍ബലമാണ്. 2023ലും അവന് പരിക്കേറ്റിരുന്നു, അതിനുശേഷം പഴയതുപോലെ അവന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. അവന്റെ പരിക്കിനെക്കുറിച്ചോ അതിന്റെ കാരണങ്ങളെക്കുറിച്ചോ കൃത്യമായ വിവരമില്ല.

എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാന്‍ ആരാധകര്‍ക്ക് അവകാശമുണ്ട്, ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണ്. ഹര്‍ദിക്കിന്റെ കരിയറില്‍ ഉടനീളം ഇതാണ് അവസ്ഥ. അവന് എന്താണ് സംഭവിച്ചതെന്നോ, എന്തുകൊണ്ടാണ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നോ ഉള്ള കാര്യത്തില്‍ എപ്പോഴും ചോദ്യങ്ങള്‍ ഉയരാറുണ്ട്,’ കൈഫ് പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഹര്‍ദിക് കളിച്ചിരുന്നില്ല. 2026 ഐ.പി.എല്ലിന് ഇടയിൽ അനുഭവപ്പെട്ട പുറം വേദനയാണ് താരത്തിന് വിനയായത്. നിലവില്‍ താരം ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സി. ഒ. ഇ) ചികിത്സയിലാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും ഹര്‍ദിക് കളിക്കില്ലെന്നാണ് പുറത്തവരുന്ന വിവരങ്ങള്‍.

Content Highlight: Muhammed Kaif says that Hardik Pandya may not feature in 2027 ODI World Cup

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.