mother-teresa-2

വത്തിക്കാന്‍: “പാവങ്ങളുടെ അമ്മ” മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാന്‍. പ്രഖ്യാപനത്തിനായുള്ള നടപടികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഔദ്യോഗികമായി അംഗീകാരം നല്‍കി. 2003ല്‍ ജോണ്‍ പോള്‍ മാര്‍പാപ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു. മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനിസഭ സ്ഥാപിച്ച് കൊല്‍ക്കത്തയില്‍ പാവപ്പെട്ടവരുടെയും രോഗികളുടെയും അത്താണിയായി മാറിയ മദര്‍ തെരേസയെ മരണപ്പെട്ട് 19 വര്‍ഷം പിന്നിടവെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ രണ്ടു അദ്ഭുത പ്രവര്‍ത്തികള്‍ വത്തിക്കാന്‍ സ്ഥിരീകരിച്ചിരുന്നു. 1998ല്‍ മൊണീക്ക ബെസ്ര എന്ന ബംഗാള്‍ ഗോത്രയുവതിയുടെ വയറ്റിലെ ട്യൂമര്‍ ഭേദമാക്കിയതാണ് ആദ്യത്തേത്. ഇതേ തുടര്‍ന്നാണ്  വത്തിക്കാന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും 2003ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തത്.

ബ്രസീലിലെ സാവോ പോളോയിലെ സാന്റോസ് രൂപതാംഗമായ യുവതിയുടെ തലച്ചോറിലെ ഒന്നിലേറെ മുഴകള്‍ 2008ല്‍ സുഖപ്പെടുത്തിയെന്നതാണ് രണ്ടാമത്തെ അദ്ഭുത പ്രവര്‍ത്തി. രണ്ടാമത്തെ അത്ഭുതം കഴിഞ്ഞ ഡിസംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥിരീകരിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് ഇതുവരെ മൂന്നു പേരെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്. അല്‍ഫോന്‍സാമ്മ, ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ എവുപ്രാസ്യമ്മ എന്നിവരാണ് നേരത്തെ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടത്.