മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള സിനിമയില്‍ തന്റേതായ ഒരിടം സൈജു കുറുപ്പ് ഇന്ന് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്‌തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതമായത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വര്‍ഷം നായകനായും താരം തിളങ്ങിയിരുന്നു.

സൈജു കുറുപ്പ്. Photo: X.com

സൈജു കുറുപ്പിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വെച്ച് ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. ആദ്യഭാഗം പരാജയമായിരുന്നിട്ടും രണ്ടാം ഭാഗത്തിലൂടെ അമ്പത് കോടിയിലധികമായിരുന്നു ചിത്രം നേടിയത്. കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തില്‍ മോഹിനിയാട്ടത്തിന്റെ മൂന്നാം ഭാഗം രാസലീലയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഇപ്പോഴിതാ മമ്മൂട്ടിയും ശ്രീനിവാസനും പ്രധാനവേഷത്തിലെത്തി ഹിറ്റടിച്ച കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിനെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ സൈജു കുറുപ്പ് പങ്കെടുത്ത പരിപാടിയില്‍ നടന്ന സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഉറ്റസുഹൃത്ത് ബാലനെ സൂപ്പര്‍താരമായ അശോക് രാജ് കണ്ടുമുട്ടുന്നതായിരുന്നു കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം. മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ കൂടിയായിരുന്നു ഇത്.

സൈജു കുറുപ്പിന്റെ വരാനിരിക്കുന്ന പുതിയ ചിത്രമായ ആരത്തിന് വേണ്ടി സൗദിയില്‍ സംഘടിപ്പിച്ച പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കുട്ടിക്കാലത്ത് തനിക്കൊപ്പം പഠിച്ച രാജേഷ് എന്ന സുഹൃത്തിനെ സൈജു കണ്ടുമുട്ടിയത്. പരിപാടിയില്‍ സംസാരിക്കവെ തന്റെ ഒരു സുഹൃത്ത് ഈ കൂട്ടത്തിലുണ്ടെന്നും തന്റെ ഒപ്പം മൂന്നാം ക്ലാസില്‍ പഠിച്ച സുഹൃത്താണെന്നും പറഞ്ഞുകൊണ്ടാണ് സൈജു കുറുപ്പ് സുഹൃത്തിനെ വേദിയിലേക്ക് ക്ഷണിച്ചത്. ഉടന്‍ തന്നെ രാജേഷ് ആള്‍ക്കൂട്ടത്തിലേക്കെത്തുകയും ചെയ്തതോടെ ഇരുവരും ചേര്‍ന്ന് ഓര്‍മകള്‍ പങ്കുവെച്ചു.

കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലേതിന് സമാനമായി സൈജു കുറുപ്പ് സുഹൃത്താണെന്ന് തന്റെ ഭാര്യ വിശ്വസിക്കാറില്ലെന്ന് പറഞ്ഞപ്പോള്‍ രാജേഷിന്റെ ഭാര്യയെയും സൈജു വേദിയിലേക്ക് ക്ഷണിച്ചു.

Content Highlight: Saiju Kurup meets his childhood friend at saudi Arabia