എഡിറ്റര്‍
എഡിറ്റര്‍
ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിച്ചതിന് ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വവാദികള്‍ പള്ളി ആക്രമിച്ചു
എഡിറ്റര്‍
Wednesday 4th October 2017 8:48am

 


നോയിഡ: ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിച്ചതിന് നോയിഡ 168ലെ ഛപ്രൗളില്‍ ഹിന്ദുത്വവാദികള്‍ പള്ളി ആക്രമിക്കുകയും സ്ഥലത്തുണ്ടായിരുന്ന ഇമാമിന്റെ സഹോദരനെ മര്‍ദിക്കുകയും ചെയ്തു.

ബീഹാറില്‍ നിന്നുള്ള ഹഫീസ് സബാഹ് ഹസന്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

‘നാല്‍പതോളം വരുന്ന സംഘം ഇമാമിനെ ചോദിച്ചാണ് വന്നത്. ലൗഡ് സ്പീക്കറില്‍ ബാങ്ക് വിളിക്കുന്നത് പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അവരെന്നെ മര്‍ദിക്കുകയായിരുന്നു. അവരോട് ഇത് മദ്രസയല്ലെന്നും പള്ളിയാണെന്നും പറഞ്ഞെങ്കിലും തുടരെ അടിക്കുകയായിരുന്നു. അവരെന്നെ പാകിസ്ഥാനിയെന്നും ഭീകരവാദിയെന്നും വിളിച്ചു’ ഹഫീസ് പറയുന്നു.

300ഓളം ഹിന്ദു കുടുംബങ്ങളുള്ള ഛപ്രൗളില്‍ 10 മുസ്‌ലിം കുടുംബങ്ങള്‍ മാത്രമാണുള്ളത്. ഹിന്ദുക്കളില്‍ ഭൂരിപക്ഷവും ഗുജ്ജര്‍, ചൗഹാന്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. സൈഫി വിഭാഗത്തില്‍ പെട്ടവരാണ് ഇവിടത്തെ മുസ്‌ലിങ്ങള്‍. ഗ്രാമത്തിലെ ദളിത് കുടുംബങ്ങള്‍ താമസിക്കുന്നത് ഇപ്പോള്‍ ആക്രമിക്കപ്പെട്ട പള്ളിയോട് ചേര്‍ന്നാണ്.

പ്രദേശത്ത് രണ്ട് പള്ളികളാണുള്ളത് ഒന്ന് പഴയതും പിന്നെയുള്ളത് 2013ല്‍ നിര്‍മിച്ചതും. അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ളവരും പുതിയ പള്ളിയിലേക്ക് പ്രാര്‍ത്ഥിക്കാനെത്താറുണ്ട്.

‘ഗ്രാമത്തിലെ ചിലര്‍ക്ക് പുതിയ പള്ളിയോട് എതിര്‍പ്പുണ്ട്. പള്ളി നീക്കം ചെയ്യണമെന്നാണ് അവരുടെ ആവശ്യം. ഇക്കാര്യം ചര്‍
ച്ച ചെയ്യുന്നതിനായി ഞായറാഴ്ച സുരേഷ് ചൗഹാന്‍ എന്നയാളുടെ വീട്ടില്‍ മീറ്റിങ് കൂടിയിരുന്നു.’ പ്രദേശത്തുകാരനായ യൂസഫ് അലി പറയുന്നു.

മീറ്റിങ് 9 മണിക്കാണ് നടന്നിരുന്നത്. പക്ഷെ ഇവിടെയുള്ള മുസ്‌ലിം കുടുംബങ്ങള്‍ ആക്രമണം ഭയന്ന് പങ്കെടുത്തിരുന്നില്ല. ‘പ്രശ്‌നം ആളിക്കത്തുന്ന സാഹചര്യത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആളുകള്‍ തടിച്ചു കൂടിയിട്ടുണ്ടെന്നും മീറ്റിങില്‍ പങ്കെടുക്കരുതെന്നും ഞങ്ങള്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു’ യൂസഫ് അലി പറയുന്നു.

അതേ സമയം പുറത്തു നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്ന് സുരേഷ് ചൗഹാന്റെ സഹോദരനായ കിഷന്‍ പറഞ്ഞു. തിങ്കളാഴ്ച മീറ്റിങ് സംഘടിപ്പിച്ചിരുന്നെങ്കിലും മുസ്‌ലിംങ്ങളാരും പങ്കെടുത്തില്ലെന്നും കിഷന്‍ പറഞ്ഞു.

പള്ളി ആക്രമണവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ഇവിടത്തെ മുസ്‌ലിം കുടുംബങ്ങള്‍ തയ്യാറായിട്ടില്ല.

‘ആക്രമണം നടത്തിയവരെ ഞങ്ങള്‍ക്ക് തിരിച്ചറിയാനാകും. എന്റെ ഉപ്പയുടെ ഉപ്പ മുതലുള്ളവര്‍ ഇവിടെയാണ് ജനിച്ചത്. ഗ്രാമവാസികളുമായി നല്ല ബന്ധത്തിലാണ് ഞങ്ങള്‍ കഴിഞ്ഞത്. പെട്ടെന്നാണ് ഇതെല്ലാം. ഞങ്ങളെ പുറത്താക്കലാണ് അവരുടെ ലക്ഷ്യം’ ആക്രമണത്തിന് സാക്ഷിയായ മഹീനുദ്ദീന്‍ പറയുന്നു.

നാട്ടുകാരില്‍ ചിലര്‍ ഫോണ്‍ വിളിച്ചത് പ്രകാരം എത്തിയെങ്കിലും അക്രമികള്‍ കടന്നു കളഞ്ഞെന്നും സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നും എക്‌സ്പ്രസ് വേ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ വേദ്പാല്‍ പുന്ദിര്‍ പൊലീസ് പറഞ്ഞു. പ്രദേശത്ത് സേനയെ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.

Advertisement