കളിക്കാരെ വിശ്വസിക്കുകയും പിന്തുണ നല്‍കുകയും ചെയ്യണം; മോര്‍ണി മോര്‍ക്കല്‍
Cricket
കളിക്കാരെ വിശ്വസിക്കുകയും പിന്തുണ നല്‍കുകയും ചെയ്യണം; മോര്‍ണി മോര്‍ക്കല്‍
ശ്രീരാഗ് പാറക്കല്‍
Saturday, 4th July 2026, 6:34 pm

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരത്തിന് മുന്നോടിയായി ഓപ്പണര്‍മാരായ സഞ്ജു സാംസണേയും അഭിഷേക് ശര്‍മയേയും പിന്തുണച്ച് ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ മോര്‍ണി മോര്‍ക്കല്‍. ടി-20 ക്രിക്കറ്റിലെ മികച്ച ബാറ്ററാണ് അഭിഷേക് ശര്‍മയെന്നും സഞ്ജു സാംസണ്‍ ലോകകപ്പിലെ മികച്ച താരമായിരുന്നുവെന്നും മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു. ഒരു കോച്ചിങ് സ്റ്റാഫ് എന്ന നിലയില്‍ കളിക്കാരെ വിശ്വസിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നത് പ്രധാനമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

‘ടി-20 ക്രിക്കറ്റിലെ മികച്ച ബാറ്ററായ അഭിഷേക് ശര്‍മ ടീമിലുണ്ട്. അത് നമ്മള്‍ മാനിക്കേണ്ടതുണ്ട്. മാത്രമല്ല സഞ്ജു സാംസണ്‍ ലോകകപ്പിലെ മികച്ച താരമായിരുന്നു. അദ്ദേഹത്തിന് മികച്ചൊരു ഐ.പി.എല്‍ സീസണ്‍ ഉണ്ടായിരുന്നു. അതിനാല്‍, ഒരു കോച്ചിങ് സ്റ്റാഫ് എന്ന നിലയില്‍ കളിക്കാരെ വിശ്വസിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. തീര്‍ച്ചയായും, അവസരത്തിനായി കാത്തിരിക്കുന്ന ഒരു യുവതാരവുമുണ്ട് എന്നത് ആവേശകരമായ കാര്യമാണ്,’ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20 മത്സരത്തിന് മുന്നോടിയായി മോര്‍ക്കല്‍ പറഞ്ഞു.അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍

മോര്‍ണി മോര്‍ക്കല്‍ പറഞ്ഞതനുസരിച്ച് ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സഞ്ജുവും അഭിഷേകും തന്നെയായിരിക്കും ഓപ്പണര്‍മാര്‍ എന്ന് വിലയിരുത്താം. യുവ താരം വൈഭവ് സൂര്യവംശിക്ക് തന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ അയര്‍ലാന്‍ഡ് സീരീസില്‍ വൈഭവ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

അതേസമയം ലോകകപ്പിലെ വമ്പന്‍ പ്രകടനത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലായിരുന്നു. അയര്‍ലാന്‍ഡ് പരമ്പരയിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നായി വെറും അഞ്ച് റണ്‍സ് നേടിയ താരം ഇംഗ്ലണ്ടിനെതിരെയുള്ള ഒന്നാം ടി-20യിലും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ ഒരു റണ്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ സ്‌കോര്‍ ചെയ്തത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി-20യില്‍ സഞ്ജു ശക്തമായി തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Morne Morkel Supports Sanju Samson And Abhishek Sharma

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ