ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടി – 20 മത്സരത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ന് (ജൂലൈ നാല്) ഓള്‍ഡ് ട്രെഫോര്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ പരമ്പരയില്‍ മുന്നിലെത്താനാവും ഇരു ടീമുകളും ലക്ഷ്യമിടുന്നത്.
ഈ മത്സരത്തില്‍ യുവതാരം വൈഭവ് സൂര്യവംശി അരങ്ങേറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 15കാരന്‍ ടീമിലെത്തിയാല്‍ ആരായിരിക്കും പുറത്ത് പോകുകയെന്നതും ആകാംക്ഷയുണര്‍ത്തുന്നുണ്ട്. ഇപ്പോള്‍ രണ്ടാം മത്സരത്തിന് മുന്നോടിയായി ഇതിനെ കുറിച്ച് സംസാരിക്കുകയും ഇന്ത്യന്‍ കോച്ച് മോണി മോര്‍ക്കല്‍.
Morne Morkel, Photo: NDTV
വൈഭവിനെ പെട്ടെന്ന് ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് അത്ര ലളിതമായ കാര്യമല്ലെന്നും ലോകകപ്പ് നേടിതരികയും പ്രതിസന്ധിഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തവരെ പിന്തുണക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വൈഭവ് അവസരത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിലും ഒന്നാം ടി – 20 ബാറ്ററായ അഭിഷേക് ശര്‍മയെയും ലോകകപ്പ് താരമായ സഞ്ജു സാംസണിനെയും ബഹുമാനിക്കേണ്ടതും മോര്‍ക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘വൈഭവിനെ പെട്ടെന്ന് ടീമില്‍ ഉള്‍പ്പെടുത്തുക എന്നത് അത്ര ലളിതമായ കാര്യമല്ല. ലോകകപ്പ് നേടി തരികയും പ്രതിസന്ധിഘട്ടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തവരെ പിന്തുണക്കുക എന്നതാണ് പ്രധാനം. അവിടെ നിന്ന് ടീമിനെ കെട്ടിപ്പടുത്ത് ടോപ് ഓര്‍ഡറിനെ എങ്ങനെ ശക്തമാക്കാമെന്ന് നോക്കുകയാണ് വേണ്ടത്.
അവസാനം, റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതാണ് പ്രധാനം. കളിക്കാരെ അവരുടെ സ്വാഭാവിക സ്ഥാനമല്ലാത്ത മറ്റൊരിടത്ത് കളിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കൂടാതെ, ടി – 20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശര്‍മയെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. സഞ്ജു സാംസണ്‍ ലോകകപ്പിലെ മികച്ച താരമായിരുന്നു, കൂടാതെ ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് നടത്തിയത്.
ടീമിലെ കളിക്കാരെ വിശ്വാസമര്‍പ്പിക്കുകയും അവരെ പിന്തുണക്കുകയെന്നതും ഒരു കോച്ചിങ് സ്റ്റാഫ് എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. തീര്‍ച്ചയായും, ഒരു യുവതാരം അവസരത്തിനായി കാത്തുനില്‍ക്കുന്നത് ആവേശകരമായ കാര്യമാണ്. എന്നാല്‍ സഞ്ജുവിനെയും അഭിഷേകിനെയും മാത്രമല്ല, ടീമിലെ എല്ലാ അംഗങ്ങളെയും ഞങ്ങള്‍ പിന്തുണക്കുന്നുണ്ടെന്ന് അവര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്,’ മോര്‍ക്കല്‍ പറഞ്ഞു.
ടി – 20 ലോകകപ്പിന് ശേഷം സഞ്ജുവിന് തിളങ്ങാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത താരം ഇംഗ്ലണ്ടിനെതിരെ ആദ്യ മത്സരത്തില്‍ വെറും ഒരു റണ്‍സാണ് നേടിയത്. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പര്‍ ഒഴിവാക്കി വൈഭവിനെ ഓപ്പണറാക്കി ഇറക്കണമെന്ന ആവശ്യം ശക്തമാണ്. അയര്‍ലാന്‍ഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ടീമിലുണ്ടെങ്കിലും 15കാരന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
Content Highlight: Morne Morkel says India stick with Sanju Samson and Vaibhav Sooryavanshi debut will be delayed