kashmir women

ശ്രീനഗര്‍: 1989ന് ശേഷം കശ്മീര്‍ താഴ്‌വരയില്‍ 7000ത്തിലധികം സ്ത്രീകള്‍ ഇന്ത്യന്‍ സൈനികരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയും നരവംശ ശാസ്ത്രജ്ഞയുമായ ഡോക്ടര്‍ അംഗന പി. ചാറ്റര്‍ജി. ശ്രീനഗറില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

കശ്മീരില്‍ 63ഓളം ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 26 എണ്ണം ശ്രീനഗറിലാണുള്ളത്. ഇക്കാലയളവില്‍ 75000ത്തിലധികം പൗരന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 8000ത്തിലധികം പേരെ കാണാതായി. ഇതെല്ലാം കശ്മീരില്‍ ഇപ്പോഴും വംശഹത്യ തുടരുന്നതിന്റെ സൂചനകളാണെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് കൊണ്ട് അംഗന ചാറ്റര്‍ജി പറഞ്ഞു.

കശ്മീരികള്‍ക്ക് നേരെ തുടരുന്നത് യുദ്ധക്കുറ്റങ്ങളാണെന്നും ഇന്ത്യക്കാരനെന്ന നിലയില്‍ ഇക്കാര്യത്തില്‍ ലജ്ജിക്കുന്നതായും ചടങ്ങില്‍ പങ്കെടുത്ത പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നൗലഖ പറഞ്ഞു. 60000ത്തിലധികം വരുന്ന കശ്മീരികള്‍ക്ക് ജയിലറകളില്‍ കടുത്ത പീഡനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ കഴിഞ്ഞ 18 വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജമ്മുകാശ്മീരിലെ മനുഷ്യാവകാശ ലംഘന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇന്റര്‍ നാഷണന്‍ ക്രസന്റ് റെഡ്‌ക്രോസ് സൊസൈറ്റിയ്ക്കും ആംനസ്റ്റി ഇന്റര്‍നാഷണലിനും ഉണ്ടായ പരാജയത്തെ കാശ്മീരി പത്ര പ്രവര്‍ത്തകനായ സഹിര്‍ ഉദ് ദിന്‍ വിമര്‍ശിച്ചു.