13 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ എല്ലാവരും കാരവനിലാണ്, പഴയതുപോലെ വട്ടംകൂടിയിരുന്ന് സംസാരിക്കുന്നില്ല: മോഹിനി
Malayalam Cinema
13 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ എല്ലാവരും കാരവനിലാണ്, പഴയതുപോലെ വട്ടംകൂടിയിരുന്ന് സംസാരിക്കുന്നില്ല: മോഹിനി
അമര്‍നാഥ് എം.
Tuesday, 18th August 2026, 3:03 pm

മലയാളികളുടെ ഇഷ്ടനടിമാരില്‍ ഒരാളാണ് മോഹിനി. ചെറിയ പ്രായത്തില്‍ തന്നെ സിനിമാലോകത്തേക്ക് കടന്നുവന്ന മോഹിനി കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംപിടിച്ചു. വിവാഹശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത താരം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലെത്തുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിലൂടെയാണ് മോഹിനി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തില്‍ പൃഥ്വിയുടെ അമ്മയായ നൂര്‍ജഹാന്‍ എന്ന കഥാപാത്രത്തെയാണ് താരം അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുയാണ് മോഹിനി.

അവധിക്ക് നാട്ടിലെത്തിയപ്പോള്‍ ഖലീഫയുടെ തിരക്കഥാകൃത്ത് ജിനു വി. എബ്രഹാമാണ് തന്നെ ആദ്യമായി സമീപിച്ചതെന്ന് മോഹിനി പറഞ്ഞു. പൃഥ്വിരാജിന്റെ അമ്മയുടെ വേഷമാണെന്ന് ആദ്യമേ പറഞ്ഞെന്നും അത് കേട്ടപ്പോള്‍ താന്‍ ഒന്ന് ശങ്കിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹിനി ഇക്കാര്യം പറഞ്ഞത്.

‘പൃഥ്വിരാജിന്റെ അമ്മയുടെ വേഷമാണ് ചെയ്യേണ്ടതെന്ന് പറഞ്ഞപ്പോള്‍ തലയില്‍ നരയിടേണ്ടി വരുമോ എന്ന് ചോദിച്ചു. ‘അതിന്റെയൊന്നും ആവശ്യമില്ല. വീ വാണ്ട് യു ടു ലുക് യങ്, പഞ്ചാബി ഹൗസിലുള്ളതുപോലെ ആ എനര്‍ജി ഒട്ടും കുറയാതെ വേണം’ എന്നായിരുന്നു അവരുടെ മറുപടി. വിവാഹശേഷം അഭിനയിക്കുന്ന നടിമാര്‍ തലയില്‍ എപ്പോഴും വിഗ് വീഴുമെന്ന് പേടിക്കണമെന്ന് മനോബാല സാര്‍ ഉപദേശിച്ചിട്ടുണ്ട്.

13 വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ കാരവനാണ് ഏറ്റവും വലിയ മാറ്റം. ഡ്രസ് മാറാനും ബാക്കി കാര്യങ്ങള്‍ക്കുമെല്ലാം നല്ല പ്രൈവസിയുണ്ട്. അതാണ് ഏറ്റവും വലിയ പോസിറ്റീവ്. പക്ഷേ, എല്ലാവരും കാരവനിലാണ് ഇപ്പോള്‍. കസേരയിട്ട് വട്ടംകൂടിയിരുന്ന് സംസാരിക്കുന്നില്ല. പക്ഷേ, വാട്ട്‌സാപ്പിലൂടെ ചാറ്റ് ചെയ്യുന്നുണ്ട്. പഴയതുപോലെ കണ്ണ് വേദനിപ്പിക്കുന്ന ലൈറ്റില്ല, മേക്കപ്പ് ഉരുകുന്ന ആ പഴയ അവസ്ഥ ഇപ്പോഴില്ല,’ മോഹിനി പറയുന്നു.

വിവാഹത്തിന് ശേഷം ചില സിനിമകള്‍ ചെയ്തിരുന്നെന്നും രണ്ടാമത്തെ മകന്‍ ജനിച്ചതിന് ശേഷമാണ് ഇടവേളയെടുത്തതെന്നും താരം പറഞ്ഞു. തിരിച്ചുവരാന്‍ നിര്‍ബന്ധിച്ചത് ഇളയമകനായിരുന്നെന്നും അവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും മോഹിനി കൂട്ടിച്ചേര്‍ത്തു. ഇടവേളയെടുത്ത സമയത്തൊന്നും ടി.വിയില്‍ മലയാളസിനിമ കാണാന്‍ തോന്നിയിട്ടില്ലെന്നും മിസ്സിങ് അനുഭവപ്പെടുമായിരുന്നെന്നും താരം പറയുന്നു.

Content Highlight: Mohini shares the experience after comeback

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം