വത്തിക്കാന്‍ സിറ്റി: നിര്‍മിതബുദ്ധിയില്‍ നിന്നും മനുഷ്യരുടെ സര്‍ഗാത്മകതയെ സംരക്ഷിക്കാന്‍ കലാകാരന്മാരോട് ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് പോപ്പ് ലിയോ പതിനാലാമന്‍.
വെള്ളിയാഴ്ച വത്തിക്കാനില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു പോപ്പ് ലിയോ.
മാനുഷികമായതിനെ സംരക്ഷിക്കുന്നതിനായി കലാകാരന്മാരുമായുള്ള സഖ്യം പുതുക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘ആയിരക്കണക്കിന് ഉത്തരങ്ങള്‍ നിമിഷനേരം കൊണ്ട് നമുക്ക് ലഭിക്കുന്ന ‘സേര്‍ച്ച് എഞ്ചിന്‍’ യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്’, പോപ്പ് പറഞ്ഞു.
കലയെ സേര്‍ച്ച് എഞ്ചിനുകളുമായി താരതമ്യപ്പെടുത്തിയ അദ്ദേഹം അത് സേര്‍ച്ച് എഞ്ചിന്‍ പോലെ പട്ടികപ്പെടുത്തുകയല്ല, മറിച്ച് അന്വേഷണത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞു.
ആധുനിക സംസ്‌കാരം നേരിടുന്ന പ്രധാന അപകടങ്ങളിലൊന്ന് എല്ലാം ഒരേ രൂപത്തിലാകുന്നതാണെന്ന് പോപ്പ് മുന്നറിയിപ്പ് നല്‍കി. ആളുകള്‍ പ്രതീക്ഷിക്കുന്നതുമാത്രം നല്‍കുന്നതിന് പകരം അവരെ ചിന്തിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യാന്‍ കഴിയുന്നതിലൂടെ ഇതിനെ ചെറുക്കാന്‍ കലയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു കല, അത് ആളുകളെ ആകര്‍ഷിക്കുമ്പോള്‍, ഉപയോഗിക്കാനാവാത്ത ഒന്നിനുമുന്നില്‍ നമ്മളെ പിടിച്ചുനിര്‍ത്തുമ്പോള്‍ അത് സാംസ്‌കാരികമായും ആത്മീയമായുമുള്ള പുനരുജ്ജീവനത്തിന്റെ ഒരു രൂപമാകുന്നു’, പോപ്പ് പറഞ്ഞു.
മനുഷ്യനിര്‍മിതമായതും യന്ത്രനിര്‍മിതമായതുമായ കലകള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിന്റെ പ്രാധാന്യം വലുതായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അല്‍ഗോരിതങ്ങള്‍ക്ക് മനുഷ്യനിര്‍മിതമായ ഒന്നിന്റെ കാമ്പില്ല എന്നും യഥാര്‍ഥ സംസ്‌കാരവും കലയും സംരക്ഷിക്കാന്‍ സഭയ്ക്ക് കലാകാരന്മാരെ ആവശ്യമുണ്ടെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.
2025 മെയ് മാസത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പല തവണ പോപ്പ് ലിയോ നിര്‍മിതബുദ്ധിയെക്കുറിച്ചുള്ള ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച യുനെസ്‌കോയുടെ ആസ്ഥാനം സന്ദര്‍ശിച്ച പോപ്പ് ആധിപത്യം സ്ഥാപിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള ഒരു ഉപകരണമാകുന്നതിന് പകരം മനുഷ്യരാശിയെ സേവിക്കണമെന്ന് പറഞ്ഞിരുന്നു.
എ.ഐ ആശങ്കകള്‍ വെറും തട്ടിപ്പാണ് എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ എ.ഐയെ കുറിച്ചുള്ള ആശങ്കകള്‍ വ്യാജവാര്‍ത്ത ആല്ലെന്നും അത് ഗൗരവമായി കാണണമെന്നും പോപ്പ് പറഞ്ഞിരുന്നു.
എ.ഐ ഉയര്‍ത്തുന്ന അപകടസാധ്യതകളെ കുറച്ചുകാണിച്ചതിന് എന്‍വീഡിയ സി.ഇ.ഒ ജെന്‍സണ്‍ ഹുവാങിനോട് സാങ്കേതികവിദ്യ മനുഷ്യരാശിക്ക് ഉയര്‍ത്തുന്ന ഭീഷണികള്‍ ഗൗരവമായി കാണണമെന്ന് പോപ്പ് പറഞ്ഞിരുന്നു.
Content Highlight: Pope calls on artists to unite against AI.
