എനിക്കും ഈ ഹോസ്റ്റലില്‍ പഠിക്കണമെന്ന് വാശി പിടിച്ചു, മായയെ അവിടെയാക്കി ഇറങ്ങിയപ്പോള്‍ അവള്‍ കരച്ചില്‍ തുടങ്ങി: മോഹന്‍ലാല്‍
Malayalam Cinema
എനിക്കും ഈ ഹോസ്റ്റലില്‍ പഠിക്കണമെന്ന് വാശി പിടിച്ചു, മായയെ അവിടെയാക്കി ഇറങ്ങിയപ്പോള്‍ അവള്‍ കരച്ചില്‍ തുടങ്ങി: മോഹന്‍ലാല്‍
അമര്‍നാഥ് എം.
Wednesday, 5th August 2026, 6:00 pm

മക്കളെ ഒരുകാര്യത്തിനും നിര്‍ബന്ധിക്കാത്ത, അവരുടെ ഇഷ്ടത്തിന് വിടുന്ന രക്ഷിതാക്കള്‍ എന്നാണ് മോഹന്‍ലാലിനെയും പങ്കാളി സുചിത്രയെയും സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്. പ്രണവും വിസ്മയയും സിനിമയെക്കാളുപരി യാത്രകളെയും മറ്റ് ഇഷ്ടങ്ങളെയും പിന്തുടരുന്നത് അതിനുദാഹരണമാണ്. പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്ക് കടന്നുവരികയാണ്.

വിസ്മയയുടെ ആദ്യചിത്രമായ തുടക്കം റിലീസിന് തയാറെടുക്കുകയാണ്. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നവയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇന്റര്‍വ്യൂകളും അതില്‍ മോഹന്‍ലാല്‍ മക്കളെക്കുറിച്ച് പറയുന്ന ഓര്‍മകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

വിസ്മയയെ കുട്ടിക്കാലത്ത് ഹോസ്റ്റലില്‍ കൊണ്ടാക്കിയ ഓര്‍മ പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. പ്രണവ് അക്കാലത്ത് ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്നെന്നും അയാളെ കൊണ്ടാക്കാന്‍ പോയപ്പോള്‍ വിസ്മയയും കൂടെയുണ്ടായിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആ സ്‌കൂളും അതിന്റെ പരിസരവും കണ്ടപ്പോള്‍ വിസ്മയക്കും അവിടം ഇഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ആ സ്‌കൂളിന്റെ അറ്റ്‌മോസ്ഫിയര്‍ വളരെ മിനിമലായിരുന്നു. അതിനെക്കാള്‍ പ്രധാനം അവിടെ ഇഷ്ടംപോലെ ഫുഡ് കിട്ടും. ഒരുപാട് രാജ്യത്ത് നിന്നുള്ള സ്റ്റുഡന്റ്‌സ് അവിടെ പഠിക്കുന്നുണ്ടായിരുന്നു. അതൊക്കെ കണ്ടിട്ടാണ് ‘എനിക്കും അവിടെ പഠിക്കണം’ എന്ന് മായ പറഞ്ഞത്. അങ്ങനെ മായയെയും അവിടെ ചേര്‍ത്തു. ഞങ്ങള്‍ തിരിച്ച് ഇറങ്ങിയപ്പോഴേക്ക് മായ കരച്ചില്‍ തുടങ്ങി. അവരുടെ ഇഷ്ടത്തിനാണ് പോയത്. എന്നിട്ട് കരഞ്ഞാല്‍ ഞാനെന്ത് ചെയ്യാനാ’ മോഹന്‍ലാല്‍ പറയുന്നു.

എന്നാല്‍ ഈ കഥ തനിക്ക് ഓര്‍മയില്ലെന്നും തന്നെ കളിയാക്കാന്‍ അച്ഛനും അമ്മയും ഇടക്ക് പറയുന്നതാണെന്നും വിസ്മയ പറഞ്ഞു. ആ ഹോസ്റ്റല്‍ വളരെ സ്ട്രിക്ടായിരുന്നെന്നും അത് നല്ല ഓര്‍മയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മെസ്സില്‍ എപ്പോഴും ഒരുപാട് ഭക്ഷണമുണ്ടാകാറുണ്ടെന്നും എന്നാല്‍ അവിടെയും ചില നിയമങ്ങളുണ്ടായിരുന്നെന്നും വിസ്മയ പറയുന്നു.

വിസമയ മോഹൻലാൽ. Photo. Screen grab/ Youtube

‘അവിടെ നമുക്ക് കിട്ടുന്ന ഫുഡ് മുഴുവന്‍ കഴിച്ചാല്‍ മാത്രമേ മെസ് ഹാളില്‍ നിന്ന് പുറത്തുവിടുള്ളൂ. അതുവരെ നമ്മള്‍ അവിടെയിരുന്ന് കഴിച്ചേ പറ്റൂ. അങ്ങനെയുള്ള റൂള്‍സായിരുന്നു അവിടെ. ഞാന്‍ കരഞ്ഞതും വാശി പിടിച്ചതുമൊന്നും അത്ര ഓര്‍മയില്ല. പക്ഷേ, ഇവര് രണ്ടുപേരും എപ്പോഴും ഇത് പറഞ്ഞ് കളിയാക്കാറുണ്ട്,’ വിസ്മയ പറഞ്ഞു.

Content Highlight: Mohanlal shares the childhood memories of Vismaya

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം