ആ ജിത്തു മാധവന്‍ പ്രൊജക്ട് കൂടെ ഓണാക്ക് ലാലേട്ടാ; ദിലീഷ് പോത്തന്‍ ചിത്രത്തിന് പിന്നാലെ ആവേശത്തിലമര്‍ന്ന് ആരാധകര്‍
Malayalam Cinema
ആ ജിത്തു മാധവന്‍ പ്രൊജക്ട് കൂടെ ഓണാക്ക് ലാലേട്ടാ; ദിലീഷ് പോത്തന്‍ ചിത്രത്തിന് പിന്നാലെ ആവേശത്തിലമര്‍ന്ന് ആരാധകര്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 4th July 2026, 10:29 pm

വില്ലനായി മലയാള സിനിമയിലെത്തി ഇന്ന് നായകന്മാരുടെ നായകനായി മാറിയ അഭിനേതാവാണ് മോഹന്‍ലാല്‍. മോളിവുഡിലെ ബോക്‌സ് ഓഫീസ് പവറെന്നതിന്റെ അവസാന വാക്കായി മാറിയ മോഹന്‍ലാലിന് വട്ടം വെക്കാന്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാളത്തില്‍ മറ്റൊരു നടനും കഴിഞ്ഞിട്ടില്ലെന്ന് കാണാം. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ചിത്രങ്ങളെല്ലാം ഹിറ്റാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ 2026ല്‍ ദൃശ്യം 3യിലൂടെയും തന്റെ വിന്നിങ് സ്ട്രീക്ക് തുടരുകയാണ്.

നെടുങ്കണ്ടം മിറാക്കിള്‍. Photo: Mohanlal/ Facebook.com

ബോക്‌സ് ഓഫീസില്‍ നിന്നും 240 കോടിയോളം സ്വന്തമാക്കിയ ദൃശ്യം 3യുടെ വിജയത്തിന് പിന്നാലെ ദിലീഷ് പോത്തനൊപ്പമുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സമെന്റാണ് ഇപ്പോള്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നിരിക്കുന്നത്. നെടുങ്കണ്ടം മിറാക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങിയ മൂന്ന് ചിത്രങ്ങള്‍ കൊണ്ട് മാത്രം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ദിലീഷ് പോത്തന്‍ മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷക പ്രതീക്ഷ.

മോഹന്‍ലാല്‍- ദിലീഷ് പോത്തന്‍ പ്രൊജക്ട് ഉറപ്പായതോടെ മലയാളത്തിലെ മറ്റൊരു യുവസംവിധായകന്‍ ജീത്തു മാധവനൊപ്പമുള്ള ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകരിപ്പോള്‍. ഗലാട്ട പ്ലസിന് നല്‍കിയ പഴയ അഭിമുഖത്തില്‍ താന്‍ ആവേശം സംവിധായകന്‍ ജിത്തു മാധവനൊപ്പം ഒരു ചിത്രം ചെയ്യുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്ന വീഡിയോ പങ്കുവെച്ചാണ് ആരാധകര്‍ ആവശ്യം ഉന്നയിക്കുന്നത്. ആവേശത്തിന് ശേഷം സൂര്യയെ നായകനാക്കി ഒരു തമിഴ് ചിത്രം ചെയ്യുന്ന തിരക്കുകളിലാണ് ജിത്തു മാധവന്‍. ഇതിന് ശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ അപ്‌ഡേറ്റുകളുണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുകയാണ് ആരാധകര്‍.

അതിമനോഹരം. Photo: X.com

ഈ പ്രൊജക്ട് ഓണാകുകയാണെങ്കില്‍ വമ്പന്‍ ലൈനപ്പാണ് താരത്തിന്റേതായി ഒരുങ്ങുക. അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയില്‍ മോഹന്‍ലാല്‍ കാമിയോ എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് പ്രേക്ഷകര്‍. കൂടാതെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന തുടക്കം എന്ന ചിത്രത്തിലും താരം വേഷമിടുന്നുണ്ട്. എന്നാല്‍ ഏവരും കാത്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിനായാണ്. ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Content Highlight: Mohanlal fans wait for the announcement of project directed by Jithu Madhavan

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.