സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനിലെ വീഡിയോ. താരത്തിനെ കാണാനെത്തിയ ആരാധികയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് മോഹന്‍ലാല്‍ കാറിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് സംഭവം.

താരം കാറിലേക്ക് കയറാന്‍ തുടങ്ങിയതും വയോധികയായ ഒരു സ്ത്രീ അടുത്തേക്ക് ചെല്ലുകയായിരുന്നു. മോഹന്‍ലാലിന് കൈ നല്‍കി തലോടി തന്റെ സ്‌നേഹം പ്രകടിപ്പിച്ചു. പിന്നാലെ കാറിലേക്ക് കയറും മുമ്പ് ‘വരുന്നോ എന്റെ കൂടെ’ എന്ന് താരം ചോദിച്ചു.

കൂടുതല്‍ ഒന്നും ചിന്തിക്കാതെ തന്നെ ആരാധിക ‘ഇല്ല’ എന്ന് മറുപടിയും നല്‍കി. എങ്കില്‍ നാളെ കാണാമെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ കാറിലേക്ക് കയറിയത്. ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

മോഹന്‍ലാല്‍ – ശോഭന ചിത്രമായ തേന്മാവിന്‍ കൊമ്പത്തിലെ ‘പോരുന്നോ എന്റെ കൂടെ’ എന്ന ഡയലോഗിനോട് ചേര്‍ത്താണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്.