ഒരു മികച്ച ഇന്നിങ്സ് കളിക്കാന്‍ അവന് ഇതുവരെ സാധിച്ചിട്ടില്ല: മുഹമ്മദ് കൈഫ്
Cricket
ഒരു മികച്ച ഇന്നിങ്സ് കളിക്കാന്‍ അവന് ഇതുവരെ സാധിച്ചിട്ടില്ല: മുഹമ്മദ് കൈഫ്
ശ്രീരാഗ് പാറക്കല്‍
Thursday, 23rd July 2026, 1:37 pm

ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അരങ്ങേറ്റത്തിന് ശേഷം താരത്തിന് മികച്ച ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചില്ലെന്നും പക്ഷെ നിലവാരമുള്ള ബാറ്ററാണ് വൈഭവെന്നും കൈഫ് പറഞ്ഞു. വെറും 15ാം വയസില്‍ ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടുക എന്നത് ചെറിയ നേട്ടമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചു. എന്നാല്‍ ഒരു മികച്ച ഇന്നിങ്സ് കളിക്കാന്‍ അവന് ഇതുവരെ സാധിച്ചിട്ടില്ല. ടീമിന്റെ വിജയത്തില്‍ താനും നിര്‍ണായക സംഭാവന നല്‍കണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നുണ്ടാകും. കാരണം, അവന്‍ മികച്ച നിലവാരമുള്ള ഒരു ബാറ്ററാണ്.

വെറും 15ാം വയസില്‍ ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടുക എന്നത് ചെറിയ നേട്ടമല്ല. ഇപ്പോള്‍ കുറച്ച് സമ്മര്‍ദമോ പരിഭ്രമമോ ഉണ്ടായിരിക്കാം. എന്നാല്‍ ഒരു 50-60 റണ്‍സ് ഇന്നിങ്സ് കളിച്ചാല്‍ അവന്‍ തിളങ്ങും. അതിഗംഭീര പ്രതിഭയുള്ള താരമാണവന്‍, അതില്‍ യാതൊരു സംശയവുമില്ല,’ മുഹമ്മദ് കൈഫ് ക്രിക്ബസിനോട് പറഞ്ഞു.

വൈഭവ് സൂര്യവംശി. Photo: BCCI/x.com

അതേസമയം ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. ഹരാരെ സ്‌പോര്‍ട്സ് ക്ലബ്ബിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. യുവ താരം വൈഭവ് സൂര്യവംശിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും താരത്തിന് കളിച്ച മൂന്ന് മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. സിംബാബ്‌വേയ്‌ക്കെതിരെ 15വയസുകാരം മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

അയര്‍ലാന്‍ഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര കൈവിട്ടാണ് ഇന്ത്യ സിംബാബ്‌വേയ്‌ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. നിലവിലെ ടി-20 ചാമ്പ്യന്‍മാരായിട്ടും ഫോര്‍മാറ്റില്‍ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ ലോകകപ്പിന് ശേഷം ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിംബാബ്‌വേ പര്യടനം ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകമാണ്.

Content Highlight: Mohammad Kaif Talking About Vaibhav Sooryavanshi

 

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ