ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെലക്ടര്‍മാര്‍ ശക്തമായ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സ്വന്തം നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര നടക്കുമ്പോഴും, ഏഷ്യന്‍ ഗെയിംസ് ടീമിനാണ് സെലക്ടര്‍മാര്‍ കൂടുതല്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും കൈഫ് അഭിപ്രായപ്പെട്ടു.
ക്രിക്ബസ്സില്‍ സംസാരിക്കവെയാണ് ഇന്ത്യയുടെ ടീം ഘടനയെക്കുറിച്ച് മുഹമ്മദ് കൈഫ് സംസാരിച്ചത്.

മുഹമ്മദ് കൈഫ്, Photo: google/probatsman
‘അതെ, ടീം പരിശോധിച്ചാല്‍ വളരെ ശക്തമാണെന്ന് കാണാം. മികച്ച ഫോമിലുള്ള നിരവധി താരങ്ങള്‍ ഇതിലുണ്ട്. ഓപ്പണര്‍മാരുടെ കാര്യമെടുക്കാം, ശ്രേയസ് അയ്യരാണ് ക്യാപ്റ്റന്‍. അഭിഷേക് ശര്‍മയും സഞ്ജു സാംസണും മികച്ച ഫോമിലാണ്. ഇന്ത്യയ്ക്കായി നിരവധി റണ്‍സ് നേടിയിട്ടും പ്ലെയിങ് ഇലവനില്‍ നിന്ന് പുറത്തായിരുന്ന സഞ്ജു ഈ മത്സരത്തില്‍ കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ കൈഫ് പറഞ്ഞു.
ടീമിന്റെ ബാലന്‍സിനെയും പ്രധാന താരങ്ങളുടെ സാന്നിധ്യത്തെയും കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു:
‘ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായും തിലക് വര്‍മ വൈസ് ക്യാപ്റ്റനായും ഉണ്ട്. ഇതൊരു സമീകൃതമായ ടീമാണെന്നാണ് എനിക്ക് തോന്നുന്നത്. ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങ്ങും ടീമിലുണ്ട്. സ്വര്‍ണം നേടുക എന്ന ലക്ഷ്യമുള്ളതുകൊണ്ട് തന്നെ ഇതൊരു മികച്ച സ്‌ക്വാഡാണ്.
നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര നടക്കുമ്പോഴും, സ്വര്‍ണം നേടാനായി അവര്‍ കൂടുതല്‍ ശക്തരായ കളിക്കാരെ ഏഷ്യന്‍ ഗെയിംസിലേക്ക് അയച്ചിരിക്കുകയാണ്. കടലാസില്‍ ടീം വളരെ ശക്തമായി കാണപ്പെടുന്നു,’ കൈഫ് കൂട്ടിച്ചേര്‍ത്തു.
എങ്കിലും നോക്കൗട്ട് മത്സരങ്ങളില്‍ തെറ്റുകള്‍ വരുത്താന്‍ കഴിയില്ലെന്ന മുന്നറിയിപ്പും കൈഫ് നല്‍കുന്നുണ്ട്.
‘ഇവിടെയുള്ള ഒരേയൊരു വ്യത്യാസം അവര്‍ പകല്‍ സമയത്താണ് കളിക്കുന്നത് എന്നതാണ്. അതുകൊണ്ട് തന്നെ ഓരോ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം. പിന്തിരിഞ്ഞു നോക്കാന്‍ സമയമുണ്ടാകില്ല. ഒരു തെറ്റ് സംഭവിച്ചാല്‍ തിരിച്ചു വരിക പ്രയാസമാണ്.
ഇതൊരു പുതിയ രാജ്യമാണ്, പുതിയ വേദിയാണ്. അവിടുത്തെ സാഹചര്യങ്ങള്‍ എങ്ങനെയെന്ന് നമുക്കറിയില്ല. അതിനാല്‍ ആദ്യം സാഹചര്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് വേണം കളിക്കാന്‍.
ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പ്രത്യേകത എല്ലാ കളിക്കാരും നല്ല മാച്ച് പ്രാക്ടീസിലാണ് എന്നതാണ്. തിരിച്ചു വന്ന ബുംറ പോലും മികച്ച രീതിയിലാണ് പന്തെറിയുന്നത്. ഓപ്പണര്‍മാരും മിഡില്‍ ഓര്‍ഡറുമെല്ലാം കളിയില്‍ സജീവമാണ്.
സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കാമെങ്കിലും, ഇന്ത്യന്‍ ടീം എവിടെ കളിക്കാന്‍ പോയാലും ആരാധകര്‍ സ്‌റ്റേഡിയത്തിലെത്തി പിന്തുണയ്ക്കാറുണ്ട്. ലോകത്തെമ്പാടും നമ്മളത് കണ്ടതാണ്. ജപ്പാനിലും ആരാധകര്‍ ഗ്രൗണ്ടിലെത്തി ഇന്ത്യയ്ക്കായി ആര്‍ത്തുവിളിക്കുമെന്ന് എനിക്ക് ഉറപ്പാണ്,’ കൈഫ് വ്യക്തമാക്കി.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നീ ബാറ്റര്‍മാര്‍ക്കൊപ്പം ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ നയിക്കുന്ന പേസ് നിരയും ടീമിന് കരുത്തുപകരുന്നു.
അതേസമയം, ക്വാര്‍ട്ടര്‍ ഫൈനലില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ റാങ്കിങ്ങില്‍ മുമ്പിലുള്ള ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടുകയായിരുന്നു.
ഒക്ടോബര്‍ ഒന്നിനാണ് ഇന്ത്യ സെമി ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. ശ്രീലങ്ക – നേപ്പാള്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.
Content Highlight: Mohammad Kaif stated that India has selected a strong team to win gold at the Asian Games.
