അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് യാതൊരു വെറുപ്പുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്നെ ഏറെ സഹായിച്ചയാളാണ് മോദിജിയെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒരിക്കലും വെറുക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

“ഗുജറാത്തിനെ കുറിച്ച് മാത്രമാണ് താന്‍ കഴിഞ്ഞ മൂന്നുമാസമായി സംസാരിച്ചത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയുമായും നരേന്ദ്രമോദിയുമായി മാത്രം ബന്ധപ്പെട്ടതല്ല. അത് ഗുജറാത്തിലെ ജനങ്ങളുമായി ബന്ധപ്പെട്ടതാണ്.”

ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ പേടിപ്പിക്കേണ്ടെന്നും അവര്‍ ഗുജറാത്തിലെ ജനങ്ങളെ മാത്രം പേടിച്ചാല്‍ മതിയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ഒരു ദേഷ്യവുമില്ല, തന്നെ ഏറെ സഹായിച്ചയാളാണ് അദ്ദേഹം. മോദിയോട് തനിക്ക് സ്നേഹം മാത്രമാണുള്ളതെന്നും അത് ഞങ്ങളുടെ കുടുംബ പാരമ്പര്യമാണെന്നും രാഹുല്‍ ഗുജറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സത്യം മാത്രമാണ് ഗുജറാത്തില്‍ താന്‍ പറഞ്ഞതെന്നും അതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലുടനീളം ബി.ജെ.പിയുടെ തെറ്റായ നയങ്ങളില്‍ അസന്തുഷ്ടരായ ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. അവരുടെയെല്ലാം പിന്തുണ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

നാളെയാണ് ഗുജറാത്തില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.