ന്യൂദല്‍ഹി: ഫോനി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിളിച്ചപ്പോള്‍ ഫോണെടുത്തില്ലെന്ന് പരാതി.

രണ്ടു തവണ വിളിച്ചിട്ടും മമത മോദിയോട് സംസാരിക്കാന്‍ തയ്യാറായില്ലെന്നും പ്രധാനമന്ത്രി ഓഫീസ് ആരോപിച്ചു. തിരികെ വിളിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ലെന്നും തുടര്‍ന്ന് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഡിയുമായി ബന്ധപ്പെട്ടാണ് മോദി കാര്യങ്ങള്‍ തിരക്കിയതെന്നും പ്രധാനമന്ത്രി ഓഫീസ് ആരോപിക്കുന്നു.

‘ഉദ്യോഗസ്ഥര്‍ മമതയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. തിരികെ വിളിക്കാമെന്നായിരുന്നു മറുപടി. ഒരുതവണ മുഖ്യമന്ത്രി യാത്രയിലാണെന്നും മറുപടി ലഭിച്ചു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ തിരികെ വിളിക്കാനോ കാര്യങ്ങള്‍ വിശദീകരിക്കാനോ മമതാ ബാര്‍ജിയുടെ ഓഫീസ് തയ്യാറായില്ല’- ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

ഫോനി ചുഴലിക്കാറ്റില്‍പ്പെട്ട് സംസ്ഥാനം പ്രതിസന്ധി നേരിട്ടപ്പോള്‍പോലും പ്രധാനമന്ത്രി മമത ബാനര്‍ജിയെ ബന്ധപ്പെട്ടില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഫോനി ചുഴലിക്കാറ്റിന് ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തേയും പുനരധിവാസത്തേയും കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കുമായി ബന്ധപ്പെട്ടുവെന്നും തന്നെ വിളിക്കാന്‍ പോലും തയ്യാറായില്ലെന്നും ആയിരുന്നു മമതയുടെ വിമര്‍ശനം.