ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലെ നായികയെ കുറിച്ചോ മറ്റ് കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് എന്‍. ചന്ദ്രനാണ്.

കഴിഞ്ഞ ദിവസമായിരുന്നു കിങ് ഓഫ് കൊത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്. സിഗരറ്റ് വലിച്ചുകൊണ്ട് ‘കലിപ്പ് മോഡില്‍’, മാസ് റഫ് ലുക്കുമായി ഒരു വശത്തേക്ക് നോക്കിയിരിക്കുന്ന ദുല്‍ഖറിന്റെ കഥാപാത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.

വണ്ടിയില്‍ ആരെയോ ചൂഴ്ന്ന് നോക്കുന്ന ഭാവത്തിലാണ് ദുല്‍ഖര്‍ ഇരിക്കുന്നത്. ദുല്‍ഖര്‍ തന്നെയായിരുന്നു തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. KOK എന്ന ചുരുക്കപ്പേരും പോസ്റ്ററിലുണ്ട്.

ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിനിടെ കിങ് ഓഫ് കൊത്തയിലെ ദുല്‍ഖറിന്റെ ലുക്കും അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വത്തിലെ മമ്മൂട്ടിയുടെ മൈക്കിളപ്പന്റെ ലുക്കും ചേര്‍ത്തുകൊണ്ടുള്ള ഒരു പോസ്റ്ററാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഭീഷ്മ പര്‍വത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ദേവ്ദത്ത് ഷാജിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘അപ്പന്റെ മോന്‍ തന്നെ, ബാപ്പ സിഗരറ്റ് കത്തിച്ചില്ല മകന്‍ കത്തിച്ചു, കിങ് ഓഫ് കൊത്ത പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം തോന്നിയത് മൈക്കിളപ്പയുടെ ഈ നോട്ടമായിരുന്നു’ എന്നിങ്ങനെ നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഹേയ് സിനാമിക, സീതാ രാമം, ചുപ് എന്നീ അന്യഭാഷാ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.

അതേസമയം ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രം എപ്പോഴാണ് സംഭവിക്കുകയെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍- പ്രണവ് മോഹന്‍ലാല്‍, സുരേഷ് ഗോപി- ഗോകുല്‍ സുരേഷ്, സുരേഷ് കുമാര്‍- കീര്‍ത്തി സുരേഷ് എന്നിങ്ങനെ മലയാള സിനിമയിലെ അച്ഛന്‍- മക്കള്‍ ജോഡികളില്‍ പലരും ഒരുമിച്ച് സ്‌ക്രീനിലെത്തിയിട്ടുണ്ടെങ്കിലും ദുല്‍ഖര്‍- മമ്മൂട്ടി കൂട്ടുകെട്ട് ഇതുവരെ സംഭവിച്ചിട്ടില്ല.

ഇത് എപ്പോള്‍ സംഭവിക്കുമെന്ന് തനിക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ ഒരു ഫാന്‍ ബോയ് എന്ന രീതിയില്‍ താനും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് അഭിമുഖങ്ങളിലെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദുല്‍ഖര്‍ നല്‍കിയിട്ടുള്ള മറുപടി.

Content Highlight: Mixed poster of Mammootty’s Michaelappan in Bheeshma Parvam and Dulquer Salman’s King of Kotha becomes viral