എടത്വ: മത്സ്യബന്ധനത്തൊഴിലാളികളുമായി കാണാതായ ബോട്ട് എടത്വയില്‍ കണ്ടെത്തി. മത്സ്യബന്ധനത്തൊഴിലാളികളും നാവികസേനാംഗങ്ങളുമടക്കം പത്തു പേരുമായി നിരണത്തേക്ക് രക്ഷാപ്രവര്‍ത്തനായി തിരിച്ച ബോട്ട് ഇന്നലെ രാത്രിയോടെയാണ് കാണാതായത്.

ബോട്ട് കണ്ടെത്തിയെങ്കിലും അടുത്തേക്കു പോകാനാവാഞ്ഞതിനാല്‍ കാണാതായ പത്തു പേരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലായിരുന്നു. എന്നാല്‍, ബോട്ടിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നും വെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാല്‍ അവശരാണെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മത്സ്യത്തൊഴിലാളികള്‍ അന്‍പതു ബോട്ടുകളിലായി നടത്തിയ തെരച്ചിലിലാണ് എടത്വയ്ക്കടുത്തുള്ള തുരുത്തില്‍ ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് കാണാതായ പത്തു പേരെയും ബോട്ടിനകത്തു തന്നെ കണ്ടെത്തുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

 

Also Read: ചെങ്ങന്നൂരിലും തിരുവല്ലയിലും വീണ്ടും മഴ: രാത്രിയിലെ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി പ്രതികൂല കാലാവസ്ഥ

 

ഇന്ധനം തീര്‍ന്നതോ വഴി തെറ്റിയതോ ആവാം ബോട്ട് കാണാതാകാനുള്ള കാരണം എന്നാണ് പ്രാഥമിക നിഗമനം. ആറാട്ടുപുഴ തീരത്തു നിന്നുള്ള മിന്നല്‍ക്കൊടി എന്ന ബോട്ടാണിത്.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ വീയപുരത്തു നിന്നും നിരണത്തേക്ക് തിരിച്ച ബോട്ട് ഏഴുമണിയോടെ കാണാതാവുകയായിരുന്നു. എട്ടു മത്സ്യത്തൊഴിലാളികളും രണ്ട് സൈനികോദ്യോഗസ്ഥരുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി വൈകി നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താന്‍ സാധിക്കാഞ്ഞതിനാല്‍ താല്‍ക്കാലികമായി അന്വേഷണം നിര്‍ത്തി വച്ചിരുന്നു.

വെള്ളം കയറി ഒറ്റപ്പെട്ട മിക്ക പ്രദേശങ്ങളിലും മത്സ്യബന്ധനത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.