കേരളം എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനം: മന്ത്രി ജി.ആര്‍. അനില്‍
Kerala News
കേരളം എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനം: മന്ത്രി ജി.ആര്‍. അനില്‍
ആദര്‍ശ് എം.കെ.
Saturday, 14th March 2026, 6:40 am

തിരുവനന്തപുരം: രാജ്യത്ത് എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ ഉറപ്പാക്കിയ ഏക സംസ്ഥാനമാണ് കേരളമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. കേരളം വിശപ്പുരഹിത സംസ്ഥാനമാണെന്നത് ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് അഭിമാനപൂര്‍വം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

65,000 മുന്‍ഗണനാ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാര്‍വത്രിക റേഷനിങ് നിലനിന്ന കേരളത്തില്‍ കേന്ദ്ര നിയമം വന്നതോടെ ഭക്ഷ്യധാന്യ വിതരണം മുന്‍ഗണനാ വിഭാഗത്തിന് മാത്രമായി പരിമിതപ്പെട്ടെങ്കിലും, സ്വന്തം നിലയില്‍ പണം ചിലവഴിച്ച് എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 51 ലക്ഷം കുടുംബങ്ങള്‍ക്ക് എഫ്.സി.ഐയില്‍ നിന്ന് പണം നല്‍കി അരി വാങ്ങിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

2013ല്‍ രാജ്യത്ത് നിലവില്‍വന്ന ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 2016ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് അത് നടപ്പാക്കിയത്.

2017 മാര്‍ച്ചില്‍ വാതില്‍പ്പടി റേഷന്‍ വിതരണവും 2018 ജനുവരിയില്‍ ഇ-പോസ് (e-POS) മെഷീന്‍ വഴി വിരലടയാളം പതിപ്പിച്ചുള്ള വിതരണവും നടപ്പിലാക്കി.

148 ആദിവാസി ഊരുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ നേരിട്ടെത്തിക്കുന്നുണ്ടെന്നും അനാഥാലയങ്ങള്‍, അഗതിമന്ദിരങ്ങള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളില്‍ ആവശ്യമായ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കിടപ്പുരോഗികള്‍ക്ക് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സഹായത്തോടെ ഭക്ഷ്യധാന്യങ്ങള്‍ വീട്ടിലെത്തിക്കുന്ന സംവിധാനവും നിലവിലുണ്ട്.

കോവിഡ് മഹാമാരിയും പ്രളയവും ഉണ്ടായ ദുരന്തകാലത്തുപോലും ആരും പട്ടിണികിടക്കാത്തത് സര്‍ക്കാരിന്റെ ഉറച്ച ഭരണനയവും ഇച്ഛാശക്തിയും കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

 

Content Highlight: Minister G.R. Anil says that Kerala is the only state in the country that has ensured ration to all families.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.