ഒറ്റ ചാമ്പ്യന്‍സ് ലീഗ് പോലുമില്ലാത്ത ടീം, ആഴ്‌സണലിനെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റും; പോര്‍മുഖം തുറന്ന് ആര്‍ട്ടേറ്റ
Sports News
ഒറ്റ ചാമ്പ്യന്‍സ് ലീഗ് പോലുമില്ലാത്ത ടീം, ആഴ്‌സണലിനെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റും; പോര്‍മുഖം തുറന്ന് ആര്‍ട്ടേറ്റ
ആദർശ് എം.കെ.
Thursday, 20th August 2026, 8:09 am

 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ആഴ്‌സണലിനെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബാക്കി മാറ്റുകയെന്ന വന്‍ ലക്ഷ്യവുമായി മാനേജര്‍ മൈക്കല്‍ ആര്‍ട്ടേറ്റ.

ഏറ്റവും മികച്ച ക്ലബ്ബാവുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും ഇതിനായി വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മൈക്കല്‍ ആര്‍ട്ടേറ്റ

 

‘ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാവുക എന്നത് ക്ലബ്ബിന്റെയും ഉടമസ്ഥരുടെയും കൃത്യമായ ലക്ഷ്യമാണ്. അതിനായി നിങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍, മികച്ച സ്‌റ്റേഡിയം, മികച്ച ആരാധകര്‍ എന്നിവയ്‌ക്കൊപ്പം ലോകത്തിലെ ഏറ്റവും മികച്ച ടീമും മികച്ച കളിക്കാരും ആവശ്യമാണ്.

നിര്‍ണായക നിമിഷങ്ങളില്‍ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ കഴിയുന്നത് അവരാണ്. നിലവിലുള്ള കളിക്കാരെ വെച്ചും, ആഴ്‌സണലില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ സൈന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കളിക്കാരെ എത്തിച്ചും നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അതാണ്,’ അദ്ദേഹം പറഞ്ഞു.

തന്റെ കളിക്കാരുടെ ആത്മവിശ്വാസത്തെയും ആഗ്രഹത്തെയും കുറിച്ചും ഗണ്ണേഴ്‌സ് ബോസ് സംസാരിച്ചു.

‘ഇതൊക്കെ ഞങ്ങളുടെ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്, അതില്‍ പ്രശ്‌നമൊന്നുമില്ല. എന്റെ കളിക്കാരുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അവരുടെ ആ ആഗ്രഹവും, ദാഹവും, എല്ലാ ദിവസവും കൂടുതല്‍ മെച്ചപ്പെടാനുള്ള മനസ്സും കാണാന്‍ കഴിയുന്നു എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. അത് മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്,’ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തവണ നേടിയ പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്താന്‍ ടീമിന് സാധിക്കുമെന്നും ആര്‍ട്ടേറ്റ വ്യക്തമാക്കി.

ആര്‍ട്ടേറ്റ കിരീടവുമായി

‘വലിയൊരു അവസരമാണ് ഞങ്ങള്‍ക്ക് മുന്നിലുള്ളത്. അത് നേടിയെടുക്കാന്‍ എന്തൊക്കെ വേണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം. തങ്ങള്‍ക്ക് അത് ചെയ്യാന്‍ സാധിക്കുമെന്ന ആഗ്രഹവും, കഴിവും, ദൃഢവിശ്വാസവും ടീമിനുള്ളില്‍ എനിക്ക് അനുഭവപ്പെടുന്നുണ്ട്,’

മുന്‍കാലങ്ങളില്‍ സ്‌ക്വാഡ് കെട്ടിപ്പടുക്കാനും ഒരു നിശ്ചിത തലത്തിലേക്ക് എത്താനും സഹായിക്കുന്ന കളിക്കാരെയാണ് ഞങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഏറ്റവും മികച്ച തലത്തില്‍ മത്സരിക്കുന്നതിനാല്‍, ക്ലബ്ബിന്റെ നിലവാരം ഉയര്‍ത്താന്‍ കഴിയുന്ന കളിക്കാരെയാണ് കൊണ്ടുവരേണ്ടതെന്നായിരുന്നു ടീമിനെ കുറിച്ച് ആഴ്‌സണല്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗാര്‍ലിക് പറഞ്ഞത്.

കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ടീമിന് ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന എഫ്.എ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 3-0ന് തകര്‍ത്ത് ആഴ്‌സണല്‍ സീസണിലെ ആദ്യ ട്രോഫി സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ കയ്യകലത്ത് നിന്നും നഷ്ടപ്പെട്ട യുവേഫ ചാമ്പ്യന്‍സ് ലീഗ് അടക്കമുള്ള കിരീടങ്ങള്‍ ലക്ഷ്യമിട്ടായിരിക്കും പിരങ്കിപ്പട മൈതാനത്തെത്തുക.

പ്രീമയര്‍ ലീഗില്‍ കോവെന്‍ട്രിക്കെതിരെയാണ് ആഴ്‌സണലിന്റെ ആദ്യ മത്സരം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയമാണ് വേദി.

നവംബര്‍ 28നാണ് സിറ്റിയും ആഴ്‌സണലും പ്രീമിയര്‍ ലീഗില്‍ നേര്‍ക്കുനേര്‍ വരുന്നത്. ആദ്യ ക്ലാഷിന് ഗണ്ണേഴ്‌സിന്റെ തട്ടകമാണ് വേദിയാവുക.

 

Content Highlight: Mikel Arteta aims to make Arsenal the best club in the world.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.