ഫിഫയുടെ പുതിയ നിയമത്തിന്റെ ആദ്യ ഇരയായി പരാഗ്വേ താരം; ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം
FIFA World Cup 2026
ഫിഫയുടെ പുതിയ നിയമത്തിന്റെ ആദ്യ ഇരയായി പരാഗ്വേ താരം; ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യം
സുദേവ് എ
Saturday, 20th June 2026, 11:40 am

2026 ഫിഫ ലോകകപ്പില്‍ ഗ്രൂപ്പ് ഡി-യില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിക്കെതിരെ പരാഗ്വേ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ മാറ്റിയസ് ഗലാര്‍സയാണ് പരാഗ്വേക്ക് വേണ്ടി ഗോള്‍ നേടിയത്. ഈ തോല്‍വിയോടെ തുര്‍ക്കി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

മത്സരം വിജയിച്ചെങ്കിലും ഒരു കനത്ത തിരിച്ചടിയാണ് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണ്‍ നേരിട്ടത്. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി വായ പൊത്തി സംസാരിച്ചതിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയ ആദ്യ താരമായാണ് അല്‍മിറോണ്‍ മാറിയത്. മത്സരത്തിലെ ആദ്യ പകുതിയിലെ എക്‌സ്ട്രാ ടൈമിലാണ് സംഭവം നടന്നത്.

തുര്‍ക്കി താരമായ മെര്‍ട്ട് മാള്‍ഡറിനോട് വായ പൊത്തികൊണ്ട് എന്തോ സംസാരിക്കുന്നതിനിടെ അല്‍മിറോണ്‍ വായ കൈ കൊണ്ട് മറച്ചു പിടിക്കുകയായിരുന്നു.

ഇതിന് പിന്നാലെ മോണിറ്ററിലൂടെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും തുടര്‍ന്ന് താരത്തിന് നേരെ റഫറി റെഡ് കാര്‍ഡ് ഉയര്‍ത്തുകയുമായിരുന്നു. രണ്ടാം പകുതിയില്‍ 10 താരങ്ങളുമായാണ് പരാഗ്വേ കളിച്ചത്. എന്നിട്ടും തുര്‍ക്കി പരാജയപ്പെടുകയായിരുന്നു.

ഈ ലോകകപ്പ് മുതലാണ് കളിക്കളത്തില്‍ വായ പൊത്തി സംസാരിക്കുന്ന താരങ്ങള്‍ക്ക് നേരെ റെഡ് കാര്‍ഡ് നല്‍കണമെന്ന നിയമം ഫിഫ നടപ്പിലാക്കിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണില്‍ നടന്ന ഒരു സംഭവവും ഫിഫയെ ഈ നിയമം നടപ്പിലാക്കാന്‍ നിര്‍ബന്ധിതരാക്കി.

മിഗ്വല്‍ അല്‍മിറോണ്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടയില്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെ ബെനിഫിക്കയുടെ പ്രെസ്റ്റിയാനി അധിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന റയല്‍ മാഡ്രിഡ്-ബെനിഫിക്ക മത്സരത്തിനിടെയാണ് സംഭവം നടന്നത്.

ലിസ്ബണില്‍ നടന്ന മത്സരത്തില്‍ ഗോള്‍ നേടിയ ശേഷം വിനീഷ്യസ് ജൂനിയര്‍ കോര്‍ണര്‍ ഫ്ളാഗിന് അടുത്ത് നിന്നും നടത്തിയ ഗോള്‍ സെലിബ്രേഷന്‍ ബെനിഫിക്ക താരങ്ങളെ ചൊടിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇരു ടീമുകളും തമ്മില്‍ വാക്‌പോര് ഉണ്ടാവുകയും ചെയ്തു.

വിനീഷ്യസ് ജൂനിയർ & പ്രെസ്റ്റിയാനി

തര്‍ക്കത്തിനിടയില്‍ പ്രെസ്റ്റിയാനി വംശീയമായി തന്നെ അധിക്ഷേപിച്ചുവെന്നാണ് വിനീഷ്യസ് ആരോപിച്ചത്. എന്നാല്‍ മുഖം മറച്ചതുകൊണ്ട് താരം പറഞ്ഞത് എന്താണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഫിഫ ലോകകപ്പില്‍ ഈ നിയമം നടപ്പിലാക്കിയത്.

 

Content Highlight: Miguel Almiron become the first player in World Cup history to be sent off for talking with his mouth shut

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.