പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു; തിയേറ്റര്‍ റെസ്‌പോണ്‍സ് സന്തോഷം നല്‍കി: മിഥുന്‍ മാനുവല്‍ തോമസ്
Malayalam Cinema
പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു; തിയേറ്റര്‍ റെസ്‌പോണ്‍സ് സന്തോഷം നല്‍കി: മിഥുന്‍ മാനുവല്‍ തോമസ്
ഐറിന്‍ മരിയ ആന്റണി
Sunday, 22nd March 2026, 7:22 am

തിയേറ്ററുകളില്‍ ജനസാഗരമായി മുന്നേറുകയാണ് മിഥുന്‍ മാനുവല്‍ തോമസ് അണിയിച്ചൊരുക്കിയ ആട് 3. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പാപ്പന്റെയും കൂട്ടരുടെയും വരവ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയാണ് സിനിമാപ്രേമികള്‍. ആദ്യ ഭാഗം പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം സൂപ്പര്‍ ഹിറ്റ് എന്ന അപൂര്‍വ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആട്.

സിനിമയുടെ മൂന്നാം ഭാഗവും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുകയാണ്. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ സിനിമ ഇതിനോടകം തന്നെ 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ വിജയത്തില്‍ പ്രതികരിക്കുകയാണ് മിഥുന്‍ മാനുവല്‍ തോമസ്.

ഒരു ജനപ്രിയ സിനിമയുടെ മൂന്നാം ഭാഗം പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് വന്നില്ലെങ്കില്‍ അതു വലിയ നിരാശയാകുമെന്ന ആശങ്ക അലട്ടിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വാണിജ്യ വിജയങ്ങളാണ് ഫ്രാഞ്ചൈസി സിനിമകളെ നിലനിര്‍ത്തുന്നതും മുന്നോട്ടു നയിക്കുന്നതും. പ്രേക്ഷക പിന്തുണയും ആവശ്യക്കാരുമുണ്ടെങ്കില്‍ എത്ര വേണമെങ്കിലും കൊണ്ടുപോകാനുള്ള സ്‌കോപ് ഉണ്ടായിക്കൊണ്ടേയിരിക്കും, പ്രേക്ഷകര്‍ക്ക് മടുക്കുന്നതുവരെ.

ഇതുവരെ പരീക്ഷിക്കാത്ത എപിക് ഫാന്റസി എന്ന ആശയമാണ് ആട് 3ല്‍ കൊണ്ടു വന്നിട്ടുള്ളത്. കഴിഞ്ഞ രണ്ടു സിനിമകളിലും ഇല്ലാതിരുന്ന ഈ മാറ്റം പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും തിയേറ്ററിലെ പ്രതികരണങ്ങള്‍ വലിയ സന്തോഷം നല്‍കുന്നതാണ്,’ മിഥുന്‍ പറഞ്ഞു.

സംവിധാനത്തെക്കാള്‍ തിരക്കഥ എഴുതാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും ശൂന്യതയില്‍ നിന്ന് ഒരു സാഹിത്യ സൃഷ്ടടിക്ക് ജീവന്‍ നല്‍കുകയാണ് എഴുത്തുകാരനെന്നും മിഥുന്‍ പറഞ്ഞു. തിരക്കഥ പൂര്‍ത്തിയാവുന്നതോടെ ആ സിനിമ ആദ്യം സംഭവിക്കുന്നത് തിരക്കഥാകൃത്തിന്റെ മസിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധാനവും വളരെ ഇഷ്ടത്തോടെയാണ് ചെയ്യാറുള്ളതെന്നും ഒരു എഴുത്തുകാരന്റെ ബേസ് ആണ് വായനയെന്നും മിഥുന്‍ പറയുന്നു. വായിച്ച പുസ്തകങ്ങളിലെ, കണ്ട സിനിമകളിലെ, കഥാപാത്രങ്ങളും, സന്ദര്‍ഭങ്ങളും നമ്മുടെ ഉള്ളില്‍ മായാതെ കിടക്കുമെന്നും മനപൂര്‍വ്വമല്ലെങ്കിലും എഴുത്തില്‍ അതൊക്കെ കടന്ന് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlight:   Midhun Manuel Thomas reacts to the success of Aadu 3

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.