ധോണിയെ പോലൊരു ക്യാപ്റ്റനില്ലാത്തത് അദ്ദേഹത്തിന് വെല്ലുവിളിയാവും: മുന്‍ ഇംഗ്ലണ്ട് താരം
Cricket
ധോണിയെ പോലൊരു ക്യാപ്റ്റനില്ലാത്തത് അദ്ദേഹത്തിന് വെല്ലുവിളിയാവും: മുന്‍ ഇംഗ്ലണ്ട് താരം
സുദേവ് എ
Friday, 31st July 2026, 2:06 pm

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ പരിശീലകനായി ന്യൂസിലാന്‍ഡ് ഇതിഹാസ കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിങ് ചുമതലയേറ്റിരുന്നു. ബ്രെണ്ടന്‍ മക്കല്ലം പരിശീലക സ്ഥാനത്ത് നിന്നും സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഫ്‌ലെമിങ് ഇംഗ്ലീഷ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞത്.

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പരിശീലകനെന്ന നിലയില്‍ ഫ്‌ലെമിങ് നേരിടാന്‍ പോവുന്ന പ്രധാന വെല്ലുവിളി എന്താകുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍. എം.എസ് ധോണിയെ പോലൊരു മികച്ച ക്യാപ്റ്റന്റെ അഭാവം ഫ്‌ലെമിങ്ങിന് വലിയ തിരിച്ചടി നല്‍കുമെന്നാണ് വോണ്‍ വ്യക്തമാക്കിയത്.

‘ഫ്‌ലെമിങ് വളരെ മികച്ച നിലവാരമുള്ള പരിശീലകനാണ്. മികച്ച ക്യാപ്റ്റനും മികച്ച പരിശീലകനുമായാണ് അദ്ദേഹം അറിയപ്പെടുന്നത്. ഐ.പി.എല്ലിലെ അദ്ദേഹത്തിന്റെ പരിശീലനയുള്ള നേട്ടങ്ങള്‍ അതിന് തെളിവാണ്.

എന്നാല്‍ ഇംഗ്ലണ്ടില്‍ അദ്ദേഹത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ഉണടായത് പോലെ എം.എസ്. ധോണിയെ പോലൊരു ക്യാപ്റ്റന്‍ അവിടെയില്ല എന്നതാണ്. ചെന്നൈയില്‍ ധോണിയുടെ ക്യാപ്റ്റന്‍സിക്കൊപ്പം ഫ്‌ലെമിങ്ങിന് ശക്തമായ പരിശീലക സംഘവും ഉണ്ടായിരുന്നു,’ മൈക്കൽ വോൺ ദി ടെലിഗ്രാഫിലെ ലേഖനത്തിൽ കുറിച്ചു.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയാണ് ഫ്‌ലെമിങ് ഇംഗ്ലണ്ടിന്റെ പരിശീലകനായി എത്തുന്നത്.ഐ.പി.എല്ലിന്റെ അരങ്ങേറ്റ സീസണായ 2008ല്‍ താരമായി എത്തിയ ഫ്ലെമിങ് അടുത്ത സീസണില്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ 2026 സീസണ്‍ വരെ സി.എസ്.കെ നയിച്ചു. ഈ കാലയളവില്‍ ഐ.പി.എല്ലില്‍ അഞ്ച് തവണ ടീമിനെ കിരീടമണിയിച്ചു.

രണ്ട് തവണ ഫ്‌ലെമിങ് ചെന്നൈയെ ചാമ്പ്യന്‍സ് ലീഗ് ടി – 20 ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 12 സീസണുകളില്‍ പ്ലേ ഓഫിലേക്ക് നയിച്ച പരിശീലകന്‍ ടീമിനെ പത്ത് തവണ ഐ.പി.എല്‍ ഫൈനലുകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം 2022ലാണ് മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നത്. പിന്നാലെ സ്റ്റോക്‌സിനൊപ്പം ചേര്‍ന്ന് ടെസ്റ്റില്‍ അഗ്രസീവ് ശൈലി കൊണ്ടുവരികയും ആദ്യ 11 ടെസ്റ്റില്‍ ടീം പത്തെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.

അതിനുശേഷം ഇംഗ്ലണ്ട് ടീമിന്റെ പ്രകടനം മോശമായി. ടെസ്റ്റ് ക്രിക്കറ്റില്‍ മെക്കല്ലത്തിന് കീഴില്‍ 27 മത്സരങ്ങള്‍ ത്രീ ലയണ്‍സ് വിജയിച്ചപ്പോള്‍ രണ്ട് സമനിലകളും 20 തോല്‍വികളും വഴങ്ങി. ഓസ്‌ട്രേലിയക്കെതിരെയോ ഇന്ത്യക്കെതിരെയോ ഒരു പരമ്പര വിജയം പോലും നേടാതെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്.

 

Content Highlight: Michael Vaughan has revealed the challenges Stephen Fleming will face as England coach

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.