വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് മീനാക്ഷി. കാക്കകറുമ്പന്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കെത്തിയ താരം വെറും എട്ട് സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചു. അപ്രതീക്ഷിതമായി മീനാക്ഷി സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത് അന്നത്തെ കാലത്ത് വലിയ വാര്‍ത്തയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ജാങ്കോ സ്‌പേസ് ടി.വിക്ക് താരം അഭിമുഖം നല്‍കി. തന്റേതായിട്ടുള്ള ലൈഫിന് വേണ്ടിയാണ് സിനിമയില്‍ നിന്ന് ബ്രേക്കെടുത്തതെന്നും പിന്നീട് അതോര്‍ത്ത് നഷ്ടബോധം തോന്നിയിട്ടില്ലെന്നും മീനാക്ഷി പറഞ്ഞു. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് രണ്ടുമൂന്ന് ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചില്ലെന്നും അതില്‍ മമ്മൂട്ടിയുമായുള്ള സിനിമയും ഉണ്ടായിരുന്നെന്നും മീനാക്ഷി പറഞ്ഞു. ആ സമയത്ത് മുന്നേ കമ്മിറ്റ് ചെയ്ത ഒരു ദുബായ് ഷോ ഉള്ളതുകൊണ്ടാണ് മമ്മൂട്ടിയുമായുള്ള സിനിമ വേണ്ടെന്ന് വെച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ആ സമയത്ത് കുറച്ചു സിനിമകള്‍ വേണ്ടെന്ന് വെച്ചിരുന്നു. ഏതൊക്കെയാണെന്ന് കൃത്യമായി ഓര്‍മയില്ല, പക്ഷേ മമ്മൂട്ടി സാറുമായിട്ടുള്ള ഒരു സിനിമ അതില്‍ ഉണ്ടായിരുന്നു. ആ സിനിമയോട് നോ പറയാന്‍ കാരണം, മുന്നേ കമ്മിറ്റ് ചെയ്ത ഒരു ദുബായ് ഷോയും ഈ സിനിമയും തമ്മില്‍ ഡേറ്റ് ക്ലാഷ് ഉണ്ടായിരുന്നു. ഏതെങ്കിലും ഒന്ന് മാത്രമേ പറ്റുള്ളൂ എന്ന അവസ്ഥയില്‍ സിനിമയോട് നോ പറയുകയായിരുന്നു. പക്ഷേ ഒരിക്കലും അതോര്‍ത്ത് എനിക്ക് വിഷമം വന്നിട്ടില്ല.

മമ്മൂട്ടി സാറും ഞാനും പല ഫങ്ഷനുകള്‍ക്ക് ഒന്നിച്ചു പോയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സ്‌റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു ഷേയുടെ ഇടയ്ക്കാണ് ഈ കഥ കേള്‍ക്കുന്നത്. ചെയ്യാമന്നൊക്കെ വിചാരിച്ചു. ഞാന്‍ ആ സമയത്ത് കൂടുതലും ധരിച്ചിരുന്നത് പാവാടയും സ്‌കര്‍ട്ടുമായിരുന്നു. അതൊക്കെ കണ്ടപ്പോള്‍ മമ്മൂട്ടി സാര്‍ എന്നോട് പറഞ്ഞത്, ‘സാരിയൊക്കെ ഉടുത്ത് പഠിക്ക്, എന്റെ കൂടെ അഭിനയിക്കാനുള്ളതല്ലേ, ഈ കോലത്തിലാണെങ്കില്‍ എന്റെ മകന്റെ കൂടെ അഭിനയിക്കാനേ പറ്റുളളു’ എന്ന്.

സിനിമയില്‍ നിന്ന് ബ്രേക്കെടുത്തത് എന്റെ സ്വന്തം ചോയ്‌സ് ആയിരുന്നു. എന്റേതായിട്ടുള്ള ഒരു ലൈഫിന് വേണ്ടിയായിരുന്നു. ഈ സമയം വരെ എനിക്ക് അതില്‍ ഒട്ടും നഷ്ടബോധം തോന്നിയിട്ടില്ല. എന്റെ ലൈഫില്‍ ഞാന്‍ ഹാപ്പിയാണ്. ഞാന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നതും അതിനാണ്,’ മീനാക്ഷി പറഞ്ഞു.

Content Highlight: Mennakshi explains about the movie she rejected starring Mammootty