'വഹാബിനും ജെബി മേത്തറിനും ഒരു ലോഡ് അഭിനന്ദനം'; പി.എം ശ്രീ വിഷയത്തില്‍ എം.ബി രാജേഷ്
Kerala
'വഹാബിനും ജെബി മേത്തറിനും ഒരു ലോഡ് അഭിനന്ദനം'; പി.എം ശ്രീ വിഷയത്തില്‍ എം.ബി രാജേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st July 2026, 2:27 pm

 

തിരുവനന്തപുരം: പി.എം. ശ്രീ വിഷയത്തില്‍ യു.ഡി.എഫിനെതിരെ വിമര്‍ശനവും പരിഹാസവുമായി സി.പി.ഐ.എം നേതാവ് എം.ബി രാജേഷ്. പി.എം ശ്രീയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാന്‍ പറ്റില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ അവകാശ വാദം യു.ഡി.എഫ് എം.പിമാര്‍ കാരണം പൊളിച്ചടുക്കാന്‍ പറ്റിയെന്ന് എം.ബി. രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘കണ്‍ഗ്രാജുലേഷന്‍സ്… യു.ഡി.എഫ്. എം.പിമാരെ അഭിനന്ദിക്കാന്‍ ഇപ്പോഴാണ് ആദ്യമായി ഒരു അവസരം കിട്ടുന്നത്. ലീഗിന്റെ എം.പി വഹാബ്ക്കക്കും കോണ്‍ഗ്രസ് എം.പി ജെബി മേത്തര്‍ക്കും ഒരു ലോഡ് അഭിനന്ദനം. എന്തിനാണെന്നല്ലേ? പി.എം. ശ്രീ വിഷയത്തിലെ യു.ഡി.എഫ് നുണകള്‍ ഒന്നൊന്നായി പൊളിച്ചടുക്കിയതിന്,’ എം.ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

രാജ്യസഭയില്‍ പി.എം. ശ്രീയുമായി ബന്ധപ്പെട്ട യു.ഡി.എഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടികള്‍ പി.എം. ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്ക് എതിരായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജേഷിന്റെ പ്രതികരണം.

‘ഇന്നലെ ജെബി മേത്തറുടെ ഊഴമായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പിട്ട് പണം വാങ്ങിയതിനാല്‍ ഇനി പിന്‍മാറാനാവില്ല എന്ന യു.ഡി.എഫ് നുണയാണ് പാര്‍ലമെന്റില്‍ വാങ്ങിയെടുത്ത ഒരു മറുപടിയിലുടെ ജെബി പൊളിച്ചടുക്കിയത്,’ രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘കേരളത്തിന് കൊടുത്തത് വിദ്യാഭ്യാസ അവകാശനിയമപ്രകാരം അവകാശപ്പെട്ട സമഗ്ര ശിക്ഷാ കേരളയുടെ 99.27കോടി മാത്രമാണെന്നാണ് ജെബിക്ക് മന്ത്രി ജയന്ത് ചൗധരി നല്‍കിയ മറുപടി. പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് എല്‍ഡി എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്നും മന്ത്രി അറിയിച്ചു,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

‘ഇന്ന് ലീഗിന്റെ സ്വന്തം അബ്ദുള്‍വഹാബിന്റെ വക ചോദ്യത്തിന് അതേ മന്ത്രിയുടെ മറുപടിയില്‍ പി.എം. ശ്രീയില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാനങ്ങള്‍ക്ക് തടസ്സമില്ലെന്നു കൂടി വ്യക്തമാക്കിയിരിക്കുന്നു. താങ്ക് യൂ ഗയ്‌സ്. യു.ഡി.എഫ് എം.പിമാരെക്കൊണ്ട് ഒടുവില്‍ ഗുണമുണ്ടായിരിക്കുന്നു,’ രാജേഷ് കുറിച്ചു.

‘അറബിക്കടല്‍ വറ്റിയിട്ടില്ല ലീഗുകാരേ… ലീഗിന് രണ്ട് ഓപ്ഷനുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞതുപോലെ പി.എം. ശ്രീ അറബിക്കടലിലെറിയാം. അല്ലെങ്കില്‍ സ്വയം അറബിക്കടലില്‍ പോയി ചാടാം,’ എന്നും രാജേഷ് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാര്‍ പി.എം. ശ്രീയുടെ ധാരണാ പത്രത്തില്‍ ഒപ്പുവച്ചതിനാല്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്ന നിലപാടാണ് ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ കരാറില്‍ ഒപ്പുവെച്ചാലും പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സാധിക്കുമെന്ന തരത്തില്‍ മുസ് ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബിന്റെ ഒരു ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കിയതിന്റെ രേഖകള്‍ ഇന്ന് പുറത്ത് വന്നിരുന്നു.

കേരളത്തില്‍ പി.എം. ശ്രീയ്ക്കായി സ്‌കൂളുകളെ തെരഞ്ഞെടുക്കുന്ന നടപടി പോലും ആരംഭിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് എം.പി ജേബി മേത്തറിന്റെ ചോദ്യത്തിനും ജയന്ത് ചൗധരി മറുപടി നല്‍കിയിരുന്നു. ധാരണാ പത്രത്തില്‍ ഒപ്പിടുക മാത്രമാണ് കേരളം ചെയ്തിട്ടുള്ളതെന്നും പി.എം ശ്രീ പദ്ധതിയുടെ ഭാഗമല്ല സംസ്ഥാനമെന്നും ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.

Content Highlight: MB Rajesh’s Response on  Central Minister’s Reply on  PM Shri Related Queries asked by UDF MP’s