കോഴിക്കോട്: മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തെ പിന്തുണയ്ക്കുന്നതാണ് സി.പി.ഐ.എം പൊതുവില്‍ സ്വീകരിച്ചിരിക്കുന്ന സമീപനമെന്ന് എം.ബി രാജേഷ് എം.പി. സാമ്പത്തിക സംവരണം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തോട് പ്രതികരിച്ചുകൊണ്ട് ഡൂള്‍ന്യൂസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവരണത്തെ കേവലം സാമുദായികപരമായി മാത്രമല്ലാതെ വര്‍ഗപരമായിട്ടാണ് സി.പി.ഐ.എം കാണുന്നത്. എല്ലാ സമുദായങ്ങളിലുമുള്ള പാവപ്പെട്ടവരെ കാണുന്ന ഒരു സമീപനമാണത്. അതില്‍ പാവപ്പെട്ടവരെ ജാതീയമായിട്ട് മാത്രം വിഭജിക്കാതെ മുന്നാക്ക സമുദായത്തിലും പാവപ്പെട്ടവരെക്കൂടി പരിഗണിക്കണമെന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചിട്ടുള്ളത്.

സാമൂഹിക പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഒറ്റമൂലിയല്ല സംവരണം. ഒരാശ്വാസ നടപടി മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also read:സംവരണം എന്നത് അധികാര പങ്കാളിത്തമാണ്; ദാരിദ്ര്യ നിര്‍മാര്‍ജ്ജന മാര്‍ഗമല്ല: കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സംവരണത്തെ രൂക്ഷമായി വിമര്‍ശിച്ച് കെ.കെ കൊച്ച്

സംവരണം വേണ്ടയെന്നതാണ് ആര്‍.എസ്.എസ് എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ള നിലപാട്. ആ നിലപാടിനെ ഒരുതരത്തിലും സി.പി.ഐ.എം അംഗീകരിക്കുന്നില്ല. സംവരണം തുടരേണ്ടതുണ്ട്. നിലവില്‍ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് ഒരു കുറവും വരാന്‍ പാടില്ല. അത് അതുപോലെ തന്നെ തുടരണം. ഒപ്പം മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് കൂടി സംവരണം ഏര്‍പ്പെടുത്തണം. അത് ജനറല്‍ വിഭാഗത്തിന് ലഭിക്കേണ്ട ആനുകൂല്യത്തില്‍ നിന്നും കൊടുക്കണം എന്നതാണ് പാര്‍ട്ടിയുടെ പൊതുനിലപാട്.

ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിവായശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.