2026 ഫിഫ ലോകകപ്പിനുള്ള ജര്‍മനിയുടെ സാധ്യത ലിസ്റ്റില്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍ ഇടം നേടിയെന്ന് റിപ്പോര്‍ട്ട്. ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നെഗല്‍സ്മാന്‍ ലോകകപ്പിനുള്ള 55 അംഗ താരങ്ങളുടെ സാധ്യത ലിസ്റ്റില്‍ ബയേണ്‍ മ്യൂണിക് ഗോള്‍കീപ്പറെ ഉള്‍പ്പെടുത്തിയെന്നാണ് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂയറിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ജര്‍മന്‍ മാനേജര്‍ ന്യൂയറെ നേരിട്ട് കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെ 40കാരനായ ന്യൂയര്‍ ലോകകപ്പില്‍ വീണ്ടും ജര്‍മനിക്കായി കളത്തിലിറങ്ങുമോയെന്ന ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. അടുത്ത ആഴ്ചയാണ് ജര്‍മനി സ്‌ക്വാഡ് പ്രഖ്യാപിക്കുന്നത്.
2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കാണ് ന്യൂയര്‍ വഹിച്ചിരുന്നത്. ഫൈനലില്‍ അര്‍ജന്റീനയെ ഒരു ഗോളിന് വീഴ്ത്തിയായിരുന്നു ജര്‍മനി തങ്ങളുടെ ചരിത്രത്തിലെ നാലാം ലോക കിരീടം ഉയര്‍ത്തുന്നത്. ടൂര്‍ണമെന്റിലെ ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയതും ന്യൂയറാണ്.
ക്ലബ്ബ് തലത്തില്‍ വിന്‍സെന്റ് കോമ്പനിയുടെ കീഴില്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ന്യൂയര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബയേണ്‍ ഈ സീസണില്‍ ബുണ്ടസ്ലീഗ കിരീടം സ്വന്തമാക്കിയപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെമി ഫൈനല്‍ വരെ മുന്നേറാനും സാധിച്ചു. സെമിയില്‍ നിലവിലെ യു.സി.എല്‍ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നോട് പരാജയപ്പെട്ടതാണ് ബയേണ്‍ പുറത്തായത്.
അതേസമയം 2026 ലോകകപ്പില്‍ ഗ്രൂപ്പ് ഇ-യിലാണ് ജര്‍മനി ഇടം നേടിയിട്ടുള്ളത്. കുറസാവോ, ഐവറികോസ്റ്റ്, ഇക്വഡോര്‍ എന്നീ ടീമുകളാണ് ജര്‍മനിക്കൊപ്പം ഗ്രൂപ്പ് ഇയിലുള്ളത്. 2014ന് ശേഷം നടന്ന രണ്ട് ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ ജര്‍മനി ഇത്തവണ തങ്ങളുടെ പഴയ പ്രതാപം തിരിച്ചുപിടിക്കാനാവും കളത്തിലിറങ്ങുക.
Content Highlight: Manuel Neuer include Germany world cup team shortlist for 2026 fifa world cup