തിയേറ്ററുകളെ ജനസാഗരമാക്കി മാറ്റിയ മാജിക് ഒ.ടി.ടി റിലീസിലും ആവര്‍ത്തിക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഓണം റിലീസായെത്തിയ ചിത്രം ഒരു മാസത്തിലേറെ നീണ്ടുനിന്ന കുതിപ്പില്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ത്തെറിഞ്ഞു. ഒ.ടി.ടി റിലീസിലും മികച്ച വരവേല്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

സമീപകാലത്ത് എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയ മറ്റൊരു ചിത്രം ഇല്ലെന്ന് തന്നെ പറയാം. ഓരോ സീനും ഓരോ കഥാപാത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്. ഫീല്‍ഗുഡ് റോം കോം സിനിമകളിലെ ബെഞ്ച്മാര്‍ക്കായാണ് പലരും ബെത്‌ലഹേമിനെ കണക്കാക്കുന്നത്.

തിയേറ്റര്‍ റിലീസ് സമയത്തും ഇപ്പോള്‍ ഒ.ടി.ടി റിലീസ് സമയത്തും പലരും ചര്‍ച്ച ചെയ്യുന്ന കഥാപാത്രങ്ങളിലൊന്നാണ് മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ അമ്മ. മഞ്ജുശ്രീ അവതരിപ്പിച്ച ബിജി എന്ന കഥാപാത്രം ഒരുപാട് ലെയറുകളുള്ള ഒന്നാണ്. പലതരത്തിലുള്ള മാനസിക സംഘര്‍ഷത്തിലൂടെയാണ് ബിജി കടന്നപോകുന്നത്.

ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ആഷ്‌ലിയും ജസ്റ്റിനും തമ്മിലുള്ള പ്രണയത്തില്‍ ബിജി അസ്വസ്ഥയാകുന്നതായാണ് കാണിക്കുന്നത്. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍, നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായ, സ്വന്തം മതത്തില്‍ നിന്നുള്ള ആളായിരുന്നിട്ടും ജസ്റ്റിനുമായുള്ള ബന്ധത്തില്‍ ബിജിക്ക് താത്പര്യമില്ലെന്നാണ് കാണിക്കുന്നത്. ആ ബന്ധം മറക്കാന്‍ ആഷ്‌ലിയെ ഇമോഷണല്‍ ബ്ലാക്ക്‌മെയിലിങ് വരെ ബിജി നടത്തുന്നുണ്ട്.

ഇതിന്റെ കാരണമായി പലരും പങ്കുവെക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമ തുടങ്ങുമ്പോള്‍ തന്നെ കാണിക്കുന്നത് ആഷ്‌ലി വീടുമാറുന്നതായാണ്. ഭര്‍ത്താവിന്റെ മദ്യപാനം കാരണം സ്വത്തെല്ലാം വിറ്റഴിച്ച് പെരുവഴിയിലെത്തേണ്ട അവസ്ഥയായെന്ന് പറയാതെ പറയുന്നുണ്ട്. ആ കുടുംബത്തിലെ എല്ലാവരുടെയും പ്രതീക്ഷ ആഷ്‌ലിയാണ്.

അയര്‍ലന്‍ഡില്‍ പോയി പഠിച്ച്, അവിടെ തന്നെ ജോലിയും വാങ്ങി ആഷ്‌ലി തങ്ങളെ രക്ഷപ്പെടുത്തുമെന്നാണ് ബിജി കരുതുന്നത്. എന്നാല്‍ ജസ്റ്റിനെ കല്യാണം കഴിച്ചാല്‍ തങ്ങളെ രക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്ന ചിന്തയിലാണ് ബിജി എതിര് നില്‍ക്കുന്നത്. മക്കളെ വിദേശത്തേക്കയച്ച് രക്ഷപ്പെടാമെന്ന കരുതുന്ന ടിപ്പിക്കല്‍ രക്ഷിതാക്കളുടെ അതേ ചിന്താഗതി കാരണമാണ് ബിജിയുടെ കഥാപാത്രം വിലങ്ങുതടിയാകുന്നതെന്ന് പലരും പോസ്റ്റുകളില്‍ അഭിപ്രായപ്പെടുന്നു.

വാഴ 2ല്‍ വിനോദ് കെടാമംഗലം അവതരിപ്പിച്ച കഥാപാത്രവുമായി പലരും ബിജിയെ താരതമ്യം ചെയ്യുന്നുണ്ട്. വരുംദിവസങ്ങളില്‍ ബെത്‌ലഹേമിലെ മറ്റ് രംഗങ്ങളും കഥാപാത്രങ്ങളും കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Manjusree Nair’s character in Bethlehem Kudumba Unit viral after OTT release