കൊച്ചി: അടുത്തകാലത്തായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ മഞ്ജു വാര്യരുടെ കിം കിം കിം ചലഞ്ചിനെ വെല്ലുവിളിച്ച് പുതിയ ചലഞ്ചുമായി വീഡിയോ. പാട്ടിന്റെ കെനിയന്‍ വെര്‍ഷനാണ് പുതിയ ചലഞ്ചായി വൈറലാകുന്നത്.

കെനിയയിലെ കുട്ടികള്‍ കിം കിം കിം പാട്ടിലെ വരികള്‍ക്കൊത്ത് ചുവടുവെക്കുന്ന വീഡിയോ മഞ്ജു തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്.

‘കിം കിം കിമ്മിന് കെനിയയില്‍ നിന്നും സ്‌നേഹം. വാലങ്കയില്‍ ഷറിയ്ക്ക് ഇതിന് സ്‌നേഹം’, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അയച്ചു തന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു തന്നെയാണ് ‘കിം കിം കിം’ എന്ന പാട്ട് പാടിയത്. ഇതിന്റെ ഡാന്‍സ് ചലഞ്ചുമായാണ് താരം എത്തിയിരുന്നത്.

ആരാധകരോടും പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാനുമാണ് താരം ചലഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി കുട്ടികള്‍ ഗാനത്തിന് അനുസരിച്ച് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

ബി. കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് പാട്ടിലെ വരികളുടെ ഘടനയെന്ന് ഹരിനാരായണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Manju Warrier shares Kenyan version of Kim Kim Kim song