സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് പ്രധാന ചര്‍ച്ചാവിഷയം. ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോക്ക് വലിയ വിമര്‍ശനമായിരുന്നു ലഭിച്ചത്. ഗോപാലകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ഫോട്ടോ വലിയ രീതിയില്‍ ചര്‍ച്ചയായി. മമ്മൂട്ടിയുടെ എളിമയെ പുകഴ്ത്തിക്കൊണ്ടാണ് ഗോപാലകൃഷ്ണന്‍ ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. സംഘപരിവാറുമായി മമ്മൂട്ടി അടുക്കുകയാണെന്ന് പലരും ഇതിന് പിന്നാലെ വിമര്‍ശനമുയര്‍ത്തി.

ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന നടനാണ് മമ്മൂട്ടി. കൈരളി ടി.വിയുടെ ചെയര്‍മാന്‍ പദവി കൈകാര്യം ചെയ്യുന്ന താരത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ സമീപകാലത്ത് വലിയ വാര്‍ത്തയായിരുന്നു. ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശന വേളയില്‍ സി.പി.ഐ.എം നേതാവ് കെ. റഫീഖിനോട് മാറിനില്‍ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടത് ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

ഇതേ മമ്മൂട്ടി ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ ഗുജറാത്തിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത് എറണാകുളത്തെ ബി.ജെ.പി നേതാവ് സി.ജെ. രാജഗോപാലായിരുന്നു. സി.പി.ഐ.എമ്മിനെ ഒഴിവാക്കി സംഘപരിവാറിനോട് മമ്മൂട്ടി അടുക്കുന്നു എന്നായിരുന്നു ചിലര്‍ വിമര്‍ശിച്ചത്. എന്നാല്‍ കടുത്ത ആരാധകര്‍ മമ്മൂട്ടിയെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തു.

എന്നാല്‍ ഗോപാലകൃഷ്ണനൊപ്പമുള്ള ഫോട്ടോ പുറത്തുവന്നതോടെ കടുത്ത ആരാധകര്‍ പോലും മൗനവൃതത്തിലാണ്. തെരഞ്ഞെടുപ്പ് സമയത്ത് പച്ചക്ക് വര്‍ഗീയത പറഞ്ഞ് വോട്ട് പിടിക്കാന്‍ ശ്രമിച്ച ഗോപാലകൃഷ്ണനെപ്പോലുള്ളവരുടെ കൂടെ തോളില്‍ കൈയിട്ട് ചിരിച്ച് നില്‍ക്കുന്നതിലൂടെ മമ്മൂട്ടി നല്‍കുന്ന സന്ദേശം മോശമാണെന്നും വിമര്‍ശനമുണ്ട്.

എന്നാല്‍ താന്‍ സംഘപരിവാറിനൊപ്പമല്ലെന്ന് കാണിക്കാനായി മമ്മൂട്ടി ഇന്ന് പങ്കുവെച്ച രണ്ട് പോസ്റ്റുകളും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്. രാവിലെ പാലക്കാട് എം.എല്‍.എയും നടനുമായ രമേശ് പിഷാരടിക്ക് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ച മമ്മൂട്ടി വൈകുന്നേരം കൊടിയേരി ബാലകൃഷ്ണന്റെ ഓര്‍മദിനത്തിന്റെ പോസ്റ്റും പങ്കുവെച്ചു.

എന്നാല്‍ രണ്ട് പോസ്റ്റുകള്‍ക്കും വലിയ വിമര്‍ശനമാണ് കമന്റ് ബോക്‌സില്‍ ലഭിക്കുന്നത്. ബാലന്‍സിങ് പോസ്റ്റാണ് ഇതെന്നാണ് പലരുടെയും കമന്റ്. സംഘപരിവാറിനൊപ്പമല്ലെന്ന് അറിയിക്കാനുള്ള ശ്രമമാണിതെന്നും ചിലര്‍ വിമര്‍ശിക്കുന്നു. വിമര്‍ശിച്ച പാര്‍ട്ടിക്കാരെ ഒപ്പം കൂട്ടാനുള്ള ടെക്‌നിക്കാണോ എന്നും ചോദ്യങ്ങളുണ്ട്.

‘ഇയാള്‍ നല്ല ഗംഭീര നടന്‍ തന്നെ, ജീവിതത്തിലും സിനിമയിലും’, ‘രണ്ട് വള്ളത്തില്‍ കാലുവെക്കുന്നത് ശരിയല്ല മമ്മൂക്ക’, ‘ഇങ്ങനെയുള്ള പോസ്റ്റുകള്‍ പങ്കുവെച്ചാല്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകളുടെ ആളാണെന്ന് കരുതില്ലേ’ എന്നൊക്കെയാണ് കമന്റുകള്‍. ഒരുകാലത്ത് മോഹന്‍ലാലിന് സംഘപരിവാര്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് കളിയാക്കിയ മമ്മൂട്ടി ഫാന്‍സിന്റെ മൗനവൃതമാണ് പ്രധാന ചര്‍ച്ച.

Content Highlight: Mammootty’s Facebook post getting criticisms