നല്ല സിനിമകളെ അതാത് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ അഭിനന്ദിച്ച് രംഗത്തെത്തുന്നത് ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. പുതിയതായി കടന്നുവരുന്ന സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും സീനിയര്‍ താരങ്ങള്‍ നല്‍കുന്ന ഇത്തരം അഭിനന്ദനങ്ങള്‍ പലപ്പോഴും കൈയടിയര്‍ഹിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമാണ് ഇത്തരം പരിപാടികള്‍ കൂടുതലായും നടക്കാറുള്ളത്.
തമിഴില്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്തും കമല്‍ ഹാസനുമെല്ലാം നല്ല സിനിമകളെ അഭിനന്ദിക്കുന്നത് വാര്‍ത്തയാകാറുണ്ട്. മലയാളസിനിമകള്‍ക്കും ഇവരുടെ പ്രശംസ ലഭിക്കാറുണ്ട്. എന്നാല്‍ ഇത്തവണ കുറച്ച് വ്യത്യസ്തമായ കാര്യമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ഡൊറോത്തിയുടെ അണിയറപ്രവര്‍ത്തകരെ മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്, പ്രധാനവേഷം ചെയ്ത റിഷികാന്ത്, സനന്ത് എന്നിവര് മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇതിനോടകം വൈറലായി. മറ്റ് ഭാഷയിലിറങ്ങുന്ന നല്ല സിനിമകളെ അഭിനന്ദിച്ച മമ്മൂട്ടിയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. സാധാരണയായി കമല്‍ ഹാസനും രജിനികാന്തുമെല്ലാം ചെയ്യുന്ന കാര്യം ഇപ്പോള്‍ മമ്മൂട്ടി ചെയ്തത് പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
ഡൊറോത്തിക്ക് എക്‌സില്‍ ലഭിച്ച ചില നെഗറ്റീവ് കമന്റുകളും ഇതിനോടൊപ്പം ചിലര്‍ ചേര്‍ത്തുവായിക്കുന്നുണ്ട്. തമിഴ് സംസ്‌കാരത്തെ അപമാനിച്ചു എന്നാണ് ഡൊറോത്തിയുടെ റിലീസ് ദിവസം ചില തമിഴ് പേജുകള്‍ അഭിപ്രായപ്പെട്ടത്. അപ്പോഴും കേരളത്തില്‍ മികച്ച സ്വീകരണമാണ് ഡൊറോത്തിക്ക് ലഭിച്ചത്. നല്ല സിനിമകളെ കൈനീട്ടി സ്വീകരിക്കുന്നവരാണ് മലയാളികളെന്ന് ഒരിക്കല്‍കൂടി സിനിമാപ്രേമികള്‍ തെളിയിച്ചു.

കാതല്‍ എന്ന ചിത്രത്തിലൂടെ സ്വവര്‍ഗാനുരാഗം നോര്‍മലാണെന്ന് പറഞ്ഞതിലൂടെ ഇന്ത്യന്‍ സിനിമയിലെ പലരെയും മമ്മൂട്ടി ഞെട്ടിച്ചിരുന്നു. അതേ പ്രമേയത്തില്‍ പുറത്തിറങ്ങിയ ഡൊറോത്തിയ മമ്മൂട്ടി അഭിനന്ദിച്ചതോടെ സിനിമാലോകം കൈയടിക്കുകയാണ്. രജിനികാന്തും കമല്‍ ഹാസനും ഡൊറോത്തി ഇതുവരെ കാണാത്തത് എന്തുകൊണ്ടാണെന്നും ചിലര്‍ ചോദിക്കുന്നു.
ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ഡൊറോത്തി. 1995ല്‍ മധുരയിലെ ഒരു സാധാരണഗ്രാമത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. കാര്‍ത്തി, സുബ്ബു എന്നീ രണ്ട് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ പുരുഷാധിപത്യത്തിനെതിരെ ശക്തമായി സംസാരിക്കുന്നുണ്ട്. ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്ന് കൂടിയാണ് ഡൊറോത്തി.
Content Highlight: Mammootty appreciated Karthik Subbaraj for Dorothy movie
