അന്ന് കൊച്ചിയില്‍ സൂര്യ സാര്‍ വന്നപ്പോള്‍ കാണാന്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല, ഇന്ന് അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നു: മമിത ബൈജു
Indian Cinema
അന്ന് കൊച്ചിയില്‍ സൂര്യ സാര്‍ വന്നപ്പോള്‍ കാണാന്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല, ഇന്ന് അദ്ദേഹത്തിനൊപ്പം വേദി പങ്കിടുന്നു: മമിത ബൈജു
അമര്‍നാഥ് എം.
Saturday, 8th August 2026, 10:54 pm

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിലൂടെ വലിയ മൈലേജ് ലഭിച്ച മമിത ഇന്ന് തമിഴിലെ തിരക്കുള്ള താരമായി മാറി. വിജയ്, സൂര്യ, പ്രദീപ് രംഗനാഥന്‍, ധനുഷ് തുടങ്ങി വമ്പന്‍ താരങ്ങളുടെ പ്രൊജക്ടില്‍ മമിതയും ഭാഗമാണ്. ഡ്യൂഡ്, ജന നായകന്‍ എന്നീ ചിത്രങ്ങള്‍ മമിതയുടെ സ്റ്റാര്‍ഡം ഉയര്‍ത്തി.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സില്‍ മമിതയാണ് നായിക. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിലും ശ്രദ്ധ നേടിയത് മമിതയുടെ മാഡി എന്ന കഥാപാത്രമായിരുന്നു. പ്രൊമോഷന്റെ ഭാഗമായി വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ അണിയറപ്രവര്‍ത്തകര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ലുലു മാളിനെ ജനസാഗരമാക്കിക്കൊണ്ടാണ് സൂര്യയും മമിതയും എത്തിയത്.

ചടങ്ങില്‍ മമിത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. താന്‍ സൂര്യയുടെ വലിയൊരു ആരാധികയാണെന്നും കുട്ടിക്കാലം മുതല്‍ തനിക്ക് അദ്ദേഹത്തോട് ക്രഷ് തോന്നിയിരുന്നെന്നും മമിത മുമ്പ് പറഞ്ഞിരുന്നു. ചെറുപ്പത്തില്‍ സൂര്യ കൊച്ചിയില്‍ വന്നപ്പോള്‍ കാണാനുള്ള അവസരം മിസ്സായെന്ന് മമിത പറയുന്നു.

‘2015ലാണെന്ന് തോന്നുന്നു. അന്ന് സൂര്യ സാര്‍ കൊച്ചിയില്‍ ഒരു സിനിമാ പ്രൊമോഷന് വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ എട്ടിലോ ഒമ്പതിലോ മറ്റോ പഠിക്കുന്ന സമയമാണ്. സൂര്യ സാര്‍ വരുന്നതറിഞ്ഞ് എന്റെ ബ്രദര്‍ ഫ്രണ്ട്‌സിന്റെ കൂടെ കൊച്ചിയിലേക്ക് പുറപ്പെട്ടു. എനിക്കും വരണമെന്നുണ്ടായിരുന്നു. പക്ഷേ, അച്ഛനും അമ്മയും സമ്മതിച്ചില്ല.

അന്നത്തെ കാലത്ത് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വിടുക എന്നത് അവര്‍ക്ക് വലിയ റിസ്‌കായിരുന്നു. അന്നത്തെ ചാന്‍സ് മിസ്സായതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ, ഇന്ന് സൂര്യ സാറിനൊപ്പം ഞാന്‍ അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന് തിരുവനന്തപുരത്തെ ലുലു മാളില്‍ വരാന്‍ സാധിച്ചത് വലിയ അഭിമാനം തോന്നുന്ന ഒന്നാണ്. എന്താ പറയുക, എന്റെ ഫാന്‍ ഗേള്‍ മൊമന്റാണിത്,’ മമിത പറഞ്ഞു.

ലക്കി ഭാസ്‌കര്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. തന്റെ മകന് മജ്ജ മാറ്റിവെക്കാനുള്ള ഡോണറെ തേടുന്ന സഞ്ജയ് വിശ്വനാഥായി സൂര്യ വേഷമിടുമ്പോള്‍ മാഡി എന്ന ഡോണറായി മമിതയും എത്തുന്നു. മാഡിക്ക് സഞ്ജയ്‌യോട് തോന്നുന്ന പ്രണയവും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ.

Content Highlight: Mamitha Baiju shares an incident that he missed a chance to meet Suriya

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം