എത്ര വലിയ സിനിമയാണെങ്കിലും ആ ഒരു കാര്യത്തിൽ വിട്ടുവീഴ്ച നടത്താറില്ല: മമിത ബൈജു
Malayalam Cinema
എത്ര വലിയ സിനിമയാണെങ്കിലും ആ ഒരു കാര്യത്തിൽ വിട്ടുവീഴ്ച നടത്താറില്ല: മമിത ബൈജു
നന്ദന. ടി
Monday, 17th August 2026, 8:23 am

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മമിത ബൈജു. പ്രേമലുവിന് ശേഷം തമിഴിലും സജീവമായ മമിത ഡ്യൂഡ്, ജനനായകൻ, വിശ്വനാഥൻ ആൻഡ് സൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. ഇപ്പോഴിതാ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് താരം. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മമിത.

എത്ര വലിയ പ്രൊജക്റ്റ് ആണെങ്കിലും കഥാപാത്രത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച നടത്താറില്ല എന്ന് മമിത പറയുന്നു. ഒരു സെറ്റിൽ തനിക്ക് അവതരിപ്പിക്കാനുള്ള കഥാപാത്രത്തിൽ പിന്നീട് എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമ്പോൾ അത് തന്നെ മുൻകൂട്ടി അറിയിക്കണം എന്നൊരു നിർബന്ധം തനിക്കുള്ളതായും മമിത ബൈജു പറഞ്ഞു.

മമിത ബൈജു. Photo. X.com

‘എത്ര വലിയ പ്രൊജക്റ്റ് ആണെങ്കിലും ക്യാരക്ടറിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാറില്ല. ഈ അടുത്തകാലത്ത് ഞാൻ മനസിലാക്കിയ ഒരു കാര്യം, നമ്മൾ മുന്നേ ഓക്കെ പറഞ്ഞ ഒരു സ്ക്രിപ്റ്റിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അത് മുൻകൂട്ടി എന്നോട് പറയണം എന്നതാണ്.

കാരണം, നമ്മൾ അതിന് വേണ്ടി തയ്യാർ ആയി വരുമ്പോൾ പെട്ടെന്നുള്ള മാറ്റങ്ങൾ കാണുമ്പോൾ ഇതെന്താണ് സംഭവിക്കുന്നത് എന്നൊരു മട്ടിലാകും. അതുകൊണ്ട് പുതിയതായി ഒരു സിനിമയെ സമീപിക്കുമ്പോൾ സ്ക്രിപ്റ്റിലുള്ള എന്റെ ക്യാരക്ടർ എങ്ങനെയാണോ അത് അതുപോലെ തന്നെ വേണം, അല്ലെങ്കിൽ മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് മുൻകൂട്ടി പറയണം എന്നതാണ് ഞാൻ നിർബന്ധം പിടിക്കാറുള്ളത്,’ നടി പറഞ്ഞു.

ജീവിതത്തിലെ സേഫ് സോൺ എന്ന് പറയാവുന്ന ആളുകൾ ആരാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് മമിത.

‘എന്റെ സൈലൻസ് മനസിലാക്കാൻ പറ്റുന്ന, അഭിനയിക്കാതെ എനിക്ക് ഞാനായി തന്നെ നിൽക്കാൻ പറ്റുന്ന ആളുകളാണ് എന്റെ സേഫ് സോൺ എന്ന് പറയുന്നത്. കാരണം, ഞാൻ ചിലപ്പോൾ ഭയങ്കര മൂഡ് ഓഫ് ആയിട്ടായിരിക്കും ഇരിക്കുന്നത്. ആരെയും കാണിക്കാൻ വേണ്ടിയല്ലാതെ ഒരു സ്ഥലത്ത് മിണ്ടാതിരുന്ന് ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോഴും നമ്മുടെ കൂടെയിരുന്ന് അത് മനസിലാക്കാൻ പറ്റുന്ന ആളുകളുണ്ടല്ലോ, അതാണ് എന്റെ സേഫസ്റ്റ് സോണിലുള്ള ആളുകൾ. അവരോട് നമുക്ക് എന്ത് വേണമെങ്കിലും സംസാരിക്കാം,’ മമിത പറഞ്ഞു.

മമിത ബൈജു. Photo. X.com

Content Highlight: Mamitha Baiju says that character is the one thing she never compromise on even in big projects

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം