വിശ്വനാഥ് ആൻഡ് സൺസ്’ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു വൈകാരിക അനുഭവം പങ്കുവെച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. നടി രാധിക ശരത്കുമാറിന്റെ അമ്മ ഷൂട്ടിങ്ങിനിടെ മരണപ്പെട്ടിരുന്നു. എന്നാൽ അമ്മയുടെ മരണവാർത്ത അറിഞ്ഞ ശേഷവും താൻ അഭിനയിച്ചുകൊണ്ടിരുന്ന കോമഡി രംഗം പൂർത്തിയാക്കിയ ശേഷമാണ് രാധിക സെറ്റിൽനിന്ന് മടങ്ങിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ വെങ്കി അട്ലൂരിയും മമിത ബൈജുവും സൂര്യയും ഈ അനുഭവം പങ്കുവെച്ചത്.
അമ്മ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന സമയത്തും രാധിക ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് എത്തിയിരുന്നു. ചിത്രത്തിന്റെ ഏകദേശം 85 ശതമാനം ഷൂട്ടിങ് പൂർത്തിയായിരുന്നു. ഇനി അഞ്ച് ഷോട്ടുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ആ രംഗം പൂർത്തിയാക്കാതെ പോയാൽ പിന്നീട് രണ്ട് മാസത്തോളം കഴിഞ്ഞേ അതേ സെറ്റിൽ തിരിച്ചെത്താൻ കഴിയുമായിരുന്നുള്ളൂ. അതിനാൽ തന്നെ രംഗം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് നടി പറഞ്ഞു.
രാധിക ശരത്കുമാർ.മമിത ബൈജു.Photo: Screengrab/ Mana stars/ Youtube
‘അമ്മ ആശുപത്രിയിൽ ക്രിട്ടിക്കലായ അവസ്ഥയിലായിരുന്നു. അപ്പോഴും അമ്മ തന്നെയാണ് എന്നോട് ഷൂട്ടിങ്ങിന് പോകാൻ പറഞ്ഞത്. അതുകൊണ്ടാണ് ഞാൻ വീണ്ടും ഹൈദരാബാദിലേക്ക് വന്നത്. ഏകദേശം 85 ശതമാനം ഷൂട്ടിങ് പൂർത്തിയായിരുന്നു. ഇനി അഞ്ച് ഷോട്ടുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അത് പൂർത്തിയാക്കാതെ നിർത്തിയാൽ പിന്നീട് രണ്ട് മാസം കഴിഞ്ഞേ അതേ സെറ്റിൽ വരാൻ കഴിയുമായിരുന്നുള്ളൂ. അതേ രീതിയിലുള്ള ഒരു കോമഡി സീൻ വീണ്ടും ചെയ്യാനും കഴിയില്ലായിരുന്നു. അതുകൊണ്ടാണ് ആ രംഗം പൂർത്തിയാക്കിയത്,’ രാധിക പറഞ്ഞു.
നടി രാധികയ്ക്ക് അമ്മയുമായി വളരെ അടുത്ത ബന്ധമാണെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്ന് മമിത ബൈജു പറഞ്ഞു. അമ്മയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നതായും മമിത വ്യക്തമാക്കി.
‘രാധിക മാമിന് അമ്മയുമായി വളരെ അടുത്ത ബന്ധമാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞങ്ങൾ അമ്മയുടെ ആരോഗ്യത്തെക്കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അന്ന് അവർ ഷൂട്ടിങ്ങിന് വന്നപ്പോൾ അവരുടെ മനസിൽ എന്തായിരിക്കും നടക്കുന്നതെന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. ഞാൻ അവരെ നോക്കിനിൽക്കുമ്പോൾ തന്നെ കണ്ണിൽ വെള്ളം വന്നു. പക്ഷേ അവർ ചെയ്യുന്നത് ഒരു കോമഡി സീനായിരുന്നു. വളരെ എനർജിയോടെ കഥാപാത്രത്തിലേക്ക് പൂർണമായി ഇറങ്ങിച്ചെന്ന് അവർ അഭിനയിച്ചു,’ മമിത പറഞ്ഞു.
അത്രയും വലിയ വ്യക്തിപരമായ വേദനയ്ക്കിടയിലും അഭിനയത്തോടും സിനിമയോടും നടി കാണിച്ച ബഹുമാനമാണ് തന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചതെന്നും സൂര്യ കൂട്ടിച്ചേർത്തു. അമ്മയോടുള്ള സ്നേഹത്തിനും കലയോടുള്ള ബഹുമാനത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് ആ സമയത്തും താരം പെരുമാറിയതെന്നും സൂര്യ പറഞ്ഞു.
അമ്മയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ രാധിക തന്നോട് പറഞ്ഞ വാക്കുകൾ ഇന്നും ഓർമയിലുണ്ടെന്ന് സംവിധായകൻ വെങ്കി അട്ലൂരി പറഞ്ഞു.
‘ഞങ്ങൾ ഒരു കോമഡി സീനാണ് ഷൂട്ട് ചെയ്തുകൊണ്ടിരുന്നത്. അപ്പോഴാണ് രാധിക മാമിന്റെ അമ്മ മരിച്ചുവെന്ന വാർത്ത വന്നത്. അവർ എന്നോട് ‘ഈ സീൻ പൂർത്തിയാക്കിയിട്ട് പോകാമോ?’ എന്ന് ചോദിച്ചു. ഒരു നിമിഷം ഞാൻ എന്ത് പറയണമെന്ന് അറിയാതെ നിന്നുപോയി. എന്റെ മനസ് ശൂന്യമായി. കാരണം ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരുന്നത് ഒരു കോമഡി സീനായിരുന്നു. എന്നിട്ടും അവർ ആ രംഗം പൂർത്തിയാക്കി,’ വെങ്കി പറഞ്ഞു.
Content Highlight: Mamitha and Suriya speak about the loss of Radhika Sarathkumar’s mother