കേരള ബോക്സ് ഓഫീസിൽ നിന്ന് 153 കോടിയിലധികം കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 326 കോടിയിലധികം കളക്ഷനും നേടി സ്വപ്നക്കുതിപ്പ് നടത്തുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.

ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube

മലയാള സിനിമയിൽ പുതിയ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മുന്നേറുമ്പോൾ വനിതക്ക് നൽകിയ അഭിമുഖത്തിൽ സന്തോഷം പങ്കുവെച്ച് സംവിധായകൻ ഗിരീഷ് എ.ഡി. സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടണമെന്നത് മാത്രമായിരുന്നു തങ്ങളുടെ പ്രാർഥനയെന്നും ആ പ്രാർഥനയാണ് പ്രേക്ഷകർ റെക്കോർഡ് വിജയത്തിലേക്ക് എത്തിച്ചെന്നും ഗിരീഷ് പറഞ്ഞു.

‘പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാകണമെന്നു മാത്രമായിരുന്നു പ്രാർഥന. ആ പ്രാർഥനയെ അവർ റെക്കോർഡിലേക്ക് എത്തിച്ചു. ഏതൊരു സംവിധായകനും ആഗ്രഹിക്കുന്ന നേട്ടം കയ്യെത്തിപ്പിടിക്കാൻ സാധിച്ചതിൽ ഞങ്ങൾക്കെല്ലാം സന്തോഷമുണ്ട്,’ ഗിരീഷ് പറഞ്ഞു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ജസ്റ്റിനും ആഷ്‌ലിക്കും തുടക്കം മുതൽ തന്നെ നിവിൻ പോളിയെയും മമിത ബൈജുവിനെയും മനസിൽ കണ്ടിരുന്നുവെന്നും ഗിരീഷ് വ്യക്തമാക്കി. തിരക്കഥ എഴുതിത്തുടങ്ങുമ്പോൾ തന്നെ ജസ്റ്റിനായി നിവിൻ പോളിയായിരുന്നു മനസിലെന്നും സംവിധായകൻ വ്യക്തമാക്കി.

‘എഴുതിത്തുടങ്ങുമ്പോഴേ ജസ്റ്റിനായി നിവിൻ ചേട്ടനായിരുന്നു മനസിൽ. നിവിൻ ചേട്ടനോട് കഥ പറയുന്നത് 2025ലാണ്. ഇന്ന് സിനിമയിൽ കാണുന്ന പല രംഗങ്ങളും കഥാപാത്രങ്ങളും അദ്ദേഹത്തോട് കഥ പറയുമ്പോൾ ഉണ്ടായിരുന്നില്ല. ആഷ്‌ലിക്ക് അന്നേ മമിതയുടെ മുഖമായിരുന്നു,’ ഗിരീഷ് കൂട്ടിച്ചേർത്തു.

ആഷ്‌ലിയുടെ കഥാപാത്രത്തിന് കോട്ടയം പശ്ചാത്തലം നൽകാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. മമിത കോട്ടയംകാരിയായതിനാലാണ് ആഷ്‌ലിയും കോട്ടയംകാരിയായതെന്നും ഗിരീഷ് വ്യക്തമാക്കി.

‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ പല രംഗങ്ങളും തിരക്കഥയിൽ എഴുതിവച്ചതിൽ നിന്ന് മാത്രം രൂപപ്പെട്ടതല്ലെന്നും സെറ്റിലുണ്ടായ ചെറിയ ഇംപ്രവൈസേഷനുകൾ സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നും ഗിരീഷ് പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

‘എഴുതിവച്ച സ്ക്രിപ്റ്റിനപ്പുറം ഒപ്പമുള്ളവരിൽ നിന്ന് കിട്ടുന്ന ചെറിയ വാക്കുകളും ഭാവങ്ങളുമെല്ലാം സിനിമയ്ക്കും കഥാപാത്രത്തിനും ഗുണം ചെയ്യും. ബെത്‌ലഹേമിൽ തിയേറ്ററിൽ ചിരി പടർത്തിയ പല രംഗങ്ങളും അങ്ങനെ സംഭവിച്ചതാണ്. ഷമീറും സുരേഷേട്ടനും ഇതിന്റെ ഉസ്താദുമാരാണ്,’ ഗിരീഷ് പറഞ്ഞു.

Content Highlight: Gireesh ad talks about mamitha baiju and film Bethlehem kudumba unit