തിയേറ്ററുകളിലെത്തി 36 ദിവസം പിന്നിടുമ്പോഴും വിജയക്കുതിപ്പ് തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. കേരള ബോക്‌സ് ഓഫീസിൽ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രത്തിന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി 25 ദിവസത്തിലധികമായി ചിത്രം പ്രദർശനം തുടരുകയാണ്. ഇതോടെ ആന്ധ്ര–തെലങ്കാന മേഖലയിൽ പുതിയൊരു ചരിത്രം സൃഷ്ടിക്കുകയാണ് ചിത്രമെന്ന് അവകാശപെടുകയാണ് ഭാവന സ്റ്റുഡിയോസ്.
കേരള ബോക്‌സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 326 കോടിയിലധികം കളക്ഷനും നേടി സ്വപ്‌നക്കുതിപ്പ് നടത്തുകയാണ് ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.
ഏജ്-ഗ്യാപ് റൊമാൻസിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തെ നിവിൻ–മമിത കോമ്പോയും ചിത്രത്തിന്റെ ഫീൽ ഗുഡ് ട്രീറ്റ്‌മെന്റും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. സംഗീത് പ്രതാപ്, ശ്യാം മോഹൻ, സുരേഷ് കൃഷ്ണ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്രിന്ദ, മീനാക്ഷി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
മലയാളത്തിൽ നിന്ന് വലിയ വിജയങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെയാണ് അന്യഭാഷാ വിപണികളിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ശ്രദ്ധ നേടുന്നത്. റിലീസ് ചെയ്ത് ഒരു മാസത്തിലേറെ പിന്നിട്ടിട്ടും പുതിയ ചിത്രങ്ങൾക്കൊപ്പം തിയേറ്ററുകളിൽ പിടിച്ചുനിൽക്കുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb
ഇന്നലെയോടെ കേരളത്തിൽ നിന്ന് മാത്രം ചിത്രം 152.21 കോടി നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതോടെ ആഗോള കളക്ഷൻ 326 കോടി പിന്നിട്ടതായും റിപ്പോർട്ടുകളുണ്ട്. കേരളത്തിന് പുറത്തും ചിത്രത്തിന് ലഭിക്കുന്ന തുടർച്ചയായ സ്വീകാര്യതയാണ് ഇപ്പോൾ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ വിജയയാത്രയിലെ മറ്റൊരു ശ്രദ്ധേയമായ അധ്യായമാകുന്നത്.
Content Highlight: ‘Bethlehem Kudumba Unit’ creates history in Telangana and Andhra Pradesh
