ജോജുവിനെ പോലെ എന്നെ ഇത്രയധികം അത്ഭുതപ്പെടുത്തിയ നടന്‍ വേറെയില്ല: ശ്രീകാന്ത് മുരളി
Malayalam Cinema
ജോജുവിനെ പോലെ എന്നെ ഇത്രയധികം അത്ഭുതപ്പെടുത്തിയ നടന്‍ വേറെയില്ല: ശ്രീകാന്ത് മുരളി
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 8th July 2026, 9:29 pm

മലയാളത്തിലെ അതുല്യ കലാകാരനും സംവിധായകനുമായ കെ.ജി. ജോര്‍ജിന്റെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി 1988ല്‍ കരിയര്‍ ആരംഭിച്ചയാളാണ് ശ്രീകാന്ത് മുരളി. അഭിനേതാവെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതനായ ശ്രീകാന്ത് ആക്ഷന്‍ ഹീറോ ബിജു, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഇരട്ട, ഗോളം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ശ്രീകാന്ത് മുരളി. Photo: IMDB

വിനീത് ശ്രീനാവസനെ നായകനാക്കി ഒരുക്കിയ എബി എന്ന ചിത്രത്തിലൂടെ സംവിധായകനായും ശ്രീകാന്ത് മുരളി അരങ്ങേറ്റം കുറിച്ചിരുന്നു. വിമാനം പറത്തണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. മാസ്റ്റര്‍ ബിന്‍ എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ജോജു ജോര്‍ജിനെ കുറിച്ച് ശ്രീകാന്ത് മുരളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ജോജു ജോര്‍ജിനെ പോലെ, തന്നെ ഇത്രമാത്രം അത്ഭുതപ്പെടുത്തിയ ഒരു നടന്‍ വേറെയില്ലെന്ന് ശ്രീകാന്ത് പറയുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും എത്രയോ സിനിമകള്‍ അദ്ദേഹം ചെയ്തിട്ടുണ്ടെന്നും ഹിന്ദിയിലടക്കം വമ്പന്‍ പ്രൊജക്ടുകള്‍ അദ്ദേഹത്തിന്റേതായി വരാനിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ഇപ്പോഴുമുള്ള എനര്‍ജിയും ഹാര്‍ഡ് വര്‍ക്കും എക്‌സൈറ്റ്‌മെന്റും എല്ലാം തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം പറഞ്ഞു. ഇരട്ട എന്ന ചിത്രത്തില്‍ ജോജു അവതരിപ്പിച്ച ഇരട്ട കഥാപാത്രങ്ങളായ പ്രമോദിന്റെയും വിനോദിന്റെയും സുഹൃത്തായിട്ടാണ് താന്‍ വേഷമിട്ടതെന്നും ഷൂട്ടിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം തനിക്ക് പറഞ്ഞ് നല്‍കിയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ജോജു. Photo: The News Minute

1995ല്‍ പുറത്തിറങ്ങിയ മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയില്‍ പ്രത്യക്ഷപ്പെട്ട ജോജു ജോര്‍ജ് ചെറിയ വേഷങ്ങളിലൂടെയാണ് തന്റെ കരിയറിന്റെ ആദ്യ കാലഘട്ടം ചെലവഴിച്ചത്. 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രത്തിലൂടെയാണ് ജോജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മലയാളത്തിലെ മാര്‍ക്കറ്റ് വാല്യൂവുള്ള നായകനടനായി താരം മാറുകയായിരുന്നു. 2024ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യത്തെ സംവിധാന സംരഭമായ പണി വിജയമാക്കി മാറ്റാനും ജോജുവിന് സാധിച്ചിരുന്നു.

Content Highlight: Malayalam Actor Sreekanth Murali talks about Actor Joju George

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.