വന്മതില്‍ തുടരും; ആദ്യ സീസണിലെ ചാമ്പ്യനെ നിലനിര്‍ത്തി മലപ്പുറം എഫ്.സി
Football
വന്മതില്‍ തുടരും; ആദ്യ സീസണിലെ ചാമ്പ്യനെ നിലനിര്‍ത്തി മലപ്പുറം എഫ്.സി
സുദേവ് എ
Tuesday, 18th August 2026, 5:15 pm

സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിന് മുന്നോടിയായി വമ്പന്‍ നീക്കം നടത്തി മലപ്പുറം എഫ്.സി. മലയാളി ഡിഫന്‍ഡര്‍ അബ്ദുല്‍ ഹക്കുവിനെ ടീമില്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഇത്തവണയും മലപ്പുറത്തിന്റെ പ്രതിരോധ നിര ഹക്കുവില്‍ ഭദ്രമാവും. കഴിഞ്ഞ സീസണില്‍ മലപ്പുറത്തിന്റെ പ്രതിരോധനിരയിലെ നിറസാന്നിധ്യമായിരുന്നു ഹക്കു.

പ്രതിരോധത്തില്‍ മാത്രമല്ല മുന്നേറ്റനിരയിലും വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിവുള്ള താരമാണ് ഹക്കു. മലപ്പുറത്തിന് വേണ്ടി 11 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ മലയാളി താരം രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ഇത്തവണയും മലപ്പുറത്തിന്റെ പ്രതിരോധ നിരയില്‍ വിശ്വസ്തനായി ഹക്കു നിലയുറപ്പിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ പല വമ്പന്‍ ക്ലബ്ബുകളില്‍ പന്തുതട്ടിയ അനുഭവസമ്പത്തുള്ള താരമാണ് ഹക്കു. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, റിയല്‍ കശ്മീര്‍, ഫത്തേഹ് ഹൈദരാബാദ്, ഡി.എസ്.കെ ശിവാജിയന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം കളത്തിലിറങ്ങിയിട്ടുള്ളത്.

ഗോകുലം കേരളക്കൊപ്പം 2021-22 സീസണില്‍ ഐ-ലീഗും താരം വിജയിച്ചിട്ടുണ്ട്. സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ സീസണില്‍ കാലിക്കറ്റ് എഫ്.സിയുടെ പ്രതിരോധ നിരയിലെ സാന്നിധ്യമായിരുന്നു താരം പ്രഥമ സൂപ്പര്‍ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായി.

മലപ്പുറം തിരൂര്‍ സ്വദേശിയ ഹക്കു സാറ്റ് തിരൂര്‍ അക്കാദമയിലൂടെയാണ് കളി പഠിച്ച് ഉയരങ്ങളിലെത്തിയത്. താരത്തിന്റെ അനുഭവസമ്പത്ത് ഇത്തവണയും മലപ്പുറത്തിന് കരുത്തേകുമെന്നുറപ്പാണ്.

ഈ സീസണില്‍ മൊറോക്കന്‍ പരിശീലകന്‍ കരിം ബെഞ്ചെറിഫയേയുടെ കീഴിലാണ് മലപ്പുറം പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ മികച്ച അനുഭവ സമ്പത്തുള്ള പരിശീലകരില്‍ ഒരാളാണ് ബെഞ്ചെറിഫ. ഇന്ത്യയിലെ പല ക്ലബ്ബുകളുടെയും പരിശീലകനായി ബെഞ്ചെറിഫ പ്രവര്‍ത്തിച്ചിട്ടിട്ടുണ്ട്.

മോഹന്‍ ബഗാന്‍, പൂനെ എഫ്.സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, സാല്‍ഗോക്കര്‍ എഫ്.സി എന്നീ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ച ബെഞ്ചെറിഫ മലപ്പുറത്തിന്റെ മുഖ്യ പരിശീലകനായെത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് മലപ്പുറം എഫ്.സി ഇത്തവണ കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റിന്റെ ആദ്യ സീസണില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാന്‍ മലപ്പുറത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം സീസണില്‍ മലപ്പുറം സെമിയിലേക്ക് മുന്നേറുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ സെമിയില്‍ തൃശൂര്‍ മാജിക് എഫ്.സിയോട് പരാജയപ്പെട്ടാണ് മലപ്പുറം തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ എന്ത് വിലകൊടുത്തും കിരീടം മഞ്ചേരി പയ്യനാട്ടിലെത്തിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാവും മലപ്പുറത്തിന്റെ മുന്നിലുണ്ടാവുക.

സെപ്റ്റംബര്‍ 25നാണ് സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം പതിപ്പിന് തുടക്കമാവുന്നത്. ഡിസംബര്‍ 15നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

 

Content Highlight: Malappuram FC retains Abdul Haqku for the third season of the Super League Kerala

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.