താരങ്ങള്‍ക്ക് ഒരു കുഴപ്പവും പരാതിയുമില്ല, മലയാളത്തില്‍ മാത്രമേ ഇങ്ങനെയൊരു സിനിമ ചെയ്യാനാകുള്ളൂ: മഹേഷ് നാരായണന്‍
Malayalam Cinema
താരങ്ങള്‍ക്ക് ഒരു കുഴപ്പവും പരാതിയുമില്ല, മലയാളത്തില്‍ മാത്രമേ ഇങ്ങനെയൊരു സിനിമ ചെയ്യാനാകുള്ളൂ: മഹേഷ് നാരായണന്‍
അമര്‍നാഥ് എം.
Wednesday, 6th May 2026, 7:17 am

മോളിവുഡിലെ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ടായി ഒരുങ്ങിയ ചിത്രമാണ് പേട്രിയറ്റ്. ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച ചിത്രം അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി മാറുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ഇരുവരും ചോരുമ്പോള്‍ മാസ് മസാല സിനിമ പ്രതീക്ഷിച്ചവര്‍ക്ക് നിരാശയായിരുന്നു ഫലം.

സ്റ്റാര്‍ഡത്തിനപ്പുറത്തേക്ക് ഇരുവരുടെയും അഭിനയത്തിനാണ് ചിത്രം പ്രാധാന്യം നല്‍കിയത്. മോഹന്‍ലാല്‍ അവതരിപ്പിച്ച റഹീം നായിക് എന്ന കഥാപാത്രം സോ കോള്‍ഡ് ഫാന്‍സിന്റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. സംവിധായകന്‍ മഹേഷ് നാരായണനെതിരെ പലരും വിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ഇപ്പോഴിതാ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് സംവിധായകന്‍.

മഹേഷ് നാരായണന്‍ Photo: Screen grab/ Movie world Media

ചിത്രം കണ്ടിട്ട് കമല്‍ ഹാസന്‍ തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം ചില റിവ്യൂകള്‍ കണ്ടെന്നും മഹേഷ് നാരായണന്‍ പറയുന്നു. മോഹന്‍ലാലിന്റെ കഥാപാത്രമാണ് പലരും എടുത്തുപറയുന്നതെന്നും ആ കഥാപാത്രത്തെ അങ്ങനെ അവതരിപ്പിച്ചതില്‍ അവര്‍ക്ക് കുഴപ്പമായെന്നും താന്‍ കമല്‍ ഹാസനോട് പറഞ്ഞെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇങ്ങനെയൊരു കഥ ഈ സമയത്ത് മലയാളത്തില്‍ മാത്രമല്ലേ പറയാനാകുള്ളൂ എന്നായിരുന്നു കമല്‍ സാര്‍ ആ സമയത്ത് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് സിനിമ നല്ല രീതിയില്‍ വര്‍ക്കായി. രണ്ട് വലിയ താരങ്ങളെ കൊണ്ടുവരുമ്പോള്‍ അവരുടെ സ്റ്റാര്‍ഡത്തെയും ഓറയെയും ഉപയോഗിക്കുക എന്നത് ക്ലീഷേയാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് തന്നെയാണ് നടക്കുന്നത്. അതുപോലെയല്ലല്ലോ നമ്മുടെ ഇന്‍ഡസ്ട്രി.

ഇവിടെ അവരുടെ ആക്ടിങ് പൊട്ടന്‍ഷ്യലിനെ കൃത്യമായി ഉപയോഗിക്കുന്ന സിനിമ വരുമ്പോഴാണല്ലോ വ്യത്യസ്തമാകുന്നത്. ഈ സിനിമയുടെ കഥ കേള്‍ക്കുമ്പോഴും അഭിനയിക്കുമ്പോഴും അത് കഴിഞ്ഞ് പടം കണ്ടപ്പോഴും അവര്‍ക്ക് ഒരു കുഴപ്പവുമില്ല. എന്നാല്‍ മാസ് അല്ലെങ്കില്‍ സ്റ്റാര്‍ ഡ്രിവന്‍ കണ്ടന്റ് പ്രതീക്ഷിച്ചവര്‍ക്ക് മാത്രമാണ് നിരാശ,’ മഹേഷ് നാരായണന്‍ പറഞ്ഞു.

125 കോടിയിലേറെ ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 70 കോടിക്കുമുകളില്‍ സ്വന്തമാക്കിക്കഴിഞ്ഞു. അടുത്തൊന്നും വലിയ റിലീസില്ലാത്തതിനാല്‍ ഫ്രീ റണ്ണിലൂടെ നല്ലൊരു വിജയം ചിത്രം സ്വന്തമാക്കുമെന്നാണ് കണക്കുകൂട്ടല്‍. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് അണിനിരന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Mahesh Narayanan reacts to the criticisms facing Patriot movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം