കൊച്ചി: എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം ജനുവരിയില്‍ തുടങ്ങും. കാനഡയിലാണ് ചിത്രീകരണം.

എം.ടിയുടെ പ്രശസ്തമായ കഥയായ ഷെര്‍ലക് ആണ് സിനിമയാക്കുന്നത്. എം.ടിയുടെ പത്ത് ചെറുകഥകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ചിത്രങ്ങളിലൊന്നാണിത്.

ചേച്ചിയുടെ വീട്ടിലെത്തുന്ന യുവാവിന്റെ കഥയാണ് ഷെര്‍ലകില്‍ പറയുന്നത്. അവിടെയുള്ള പൂച്ചയുടെ പേരാണ് ഷെര്‍ലക്. നദിയ മൊയ്തുവാണ് ചിത്രത്തില്‍ ഫഹദിന്റെ ചേച്ചിയായി എത്തുന്നത്.

ജനുവരിയില്‍ കാനഡയിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരാണ് ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്.

പ്രിയദര്‍ശന്‍ രണ്ട് ചിത്രണങ്ങളാണ് ഒരുക്കുന്നത്. ഒന്നില്‍ ബിജു മേനോനും മറ്റൊന്നില്‍ മോഹന്‍ലാലുമാണ്. എംടിയുടെ ‘ശിലാലിഖിതം’ എന്ന കഥയില്‍ ആണ് ബിജു മേനോന്‍ നായകനായി എത്തുന്നത്. ഓളവും തീരവും എന്ന സിനിമയുടെ റീമേക്കില്‍ ആണ് മോഹന്‍ലാല്‍ നായകനാവുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാവുന്നത്. സന്തോഷ് ശിവന്‍ ‘അഭയം തേടി’ എന്ന രചനയാണ് സംവിധാനം ചെയ്യുന്നത് സിദ്ധിഖ് ആണ് ഇതിലെ നായകന്‍. ഉണ്ണി മുകുന്ദന്‍ ആണ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍.