‘ശ്രീരാമന്‍ അയോധ്യയിലെ രാജാവും അവരുടെ പിതാവുമായിരുന്നിട്ടും, കുട്ടികള്‍ അമ്മയോടൊപ്പമാണ് വളര്‍ന്നത്. വൈകാരിക സുരക്ഷ, ധാര്‍മികമായ വളര്‍ത്തല്‍, മാതൃ സംരക്ഷണം എന്നിവയുടെ പ്രാധാന്യമാണ് ഇത് കാണിക്കുന്നത്,’ കോടതി നിരീക്ഷിച്ചു.
അമ്മയും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണെന്ന ‘ജനനി ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി’ എന്ന സംസ്‌കൃത വാക്യവും കോടതി വിധിന്യായത്തില്‍ ഉള്‍പ്പെടുത്തി.
കുട്ടിയുടെ നിലവില്‍ താമസിക്കുന്ന അന്തരീക്ഷവും മാതൃ പരിചരണത്തിന്റെ ആവശ്യകതയും പരിഗണിച്ചാണ് ഈ നിഗമനത്തിലെത്തുന്നതെന്നും കോടതി പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികള്‍ 2014-ലാണ് വിവാഹിതരായത്. തുടര്‍ന്ന് ഇവര്‍ അമേരിക്കയിലേക്ക് താമസം മാറി. 2016-ല്‍ ചിക്കാഗോയില്‍ ജനിച്ച പെണ്‍കുട്ടിക്ക് അമേരിക്കന്‍ പൗരത്വമുണ്ട്.
പിന്നീട് കുടുംബം കാനഡയിലെ ടൊറന്റോയിലേക്ക് മാറി. എന്നാല്‍ 2022 ജനുവരിയില്‍ അമ്മ മകളുമായി ഇന്ത്യയിലെത്തുകയും തിരികെ പോകാതെ കുട്ടിയെ ഇന്‍ഡോറിലെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു. ഇതോടെയാണ് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തത്.
കുട്ടിയെ തിരികെ കാനഡയിലേക്ക് അയക്കണമെന്ന പിതാവിന്റെ ആവശ്യം തള്ളിയ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പ്, പിതാവ് കാനഡയിലെ ഒന്റാറിയോ സുപ്പീരിയര്‍ കോടതിയില്‍ നിന്ന് കുട്ടിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് അനുകൂല ഉത്തരവ് നേടിയിരുന്നു. ഈ വിദേശ കോടതി ഉത്തരവ് നടപ്പിലാക്കണമെന്നായിരുന്നു പിതാവിന്റെ പ്രധാന വാദം.
കസ്റ്റഡി കേസുകളില്‍ വിദേശ കോടതികളുടെ ഉത്തരവുകള്‍ പരിഗണിക്കേണ്ട ഒരു ഘടകം മാത്രമാണെന്നും എന്നാല്‍ അത് നിര്‍ണ്ണായകമല്ലെന്നും ഹൈക്കോടതി പറഞ്ഞു.
കുട്ടിയുടെ ക്ഷേമവും താത്പര്യവുമാണ് പ്രധാനമെന്നും അല്ലാതെ മാതാപിതാക്കളുടെ നിയമപരമായ അവകാശങ്ങളല്ലെന്നുമായിരുന്നു കോടതിയുടെ ഒരു നിരീക്ഷണം.
വിദേശ കോടതികളുടെ ഉത്തരവുകള്‍ യാന്ത്രികമായി നടപ്പിലാക്കാന്‍ ഇന്ത്യന്‍ കോടതികള്‍ ബാധ്യസ്ഥരല്ലെന്നും അത്തരം ഉത്തരവുകള്‍ കുട്ടിയുടെ ക്ഷേമത്തിന് വിരുദ്ധമാണെങ്കില്‍ അത് നടപ്പിലാക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ജഡ്ജിമാര്‍ പെണ്‍കുട്ടിയുമായി ചേംബറില്‍ നേരിട്ട് സംസാരിച്ചപ്പോള്‍, കുട്ടി അമ്മയോടുള്ള തീവ്രമായ വൈകാരിക അടുപ്പം പ്രകടിപ്പിച്ചെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
കുട്ടിയുടെ പ്രായം, വിദ്യാഭ്യാസപരമായ സ്ഥിരത, രൂപീകരണ ഘട്ടത്തില്‍ മാതൃ പരിചരണത്തിന്റെ അനിവാര്യത എന്നിവ കണക്കിലെടുക്കുമ്പോള്‍ അമ്മയോടൊപ്പം തുടരുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ട്, കുട്ടിയുടെ മൊത്തത്തിലുള്ള സുരക്ഷിതത്വവും സന്തോഷവും പരിഗണിക്കുമ്പോള്‍ ഇന്‍ഡോറിലെ നിലവിലെ സാഹചര്യമാണ് അവള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് കോടതി വിധിച്ചു.
വിദേശ കോടതി ഉത്തരവിനേക്കാള്‍ ഇന്ത്യന്‍ മണ്ണിലെ കുട്ടിയുടെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണനയെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
Content Highlight: Madhya Pradesh HC invokes Ramayana to deny daughter’s custody to Canada-based father