ലോകേഷ് കനകരാജ് ആദ്യമായി നായകവേഷം ചെയ്യുന്ന ചിത്രമാണ് ഡി.സി. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് നല്ല വരവേല്പായിരുന്നു ലഭിച്ചത്. കഴിഞ്ഞദിവസം വാലന്റൈന്‍സ് ദിനത്തില്‍ ചിത്രത്തിന്റെ ഗ്ലിംപ്‌സ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വരവേല്പല്ല ഗ്ലിംപ്‌സിന് ലഭിച്ചത്.
നായകനായ ലോകേഷ് കനകരാജിന വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പലരും പങ്കുവെക്കുന്നത്. ചിത്രത്തില്‍ വയലന്‍സ് അധികമാണെന്നും പലരും പരാതിപ്പെടുന്നു. ചോരക്കളി, ഗണ്‍, ഡ്രഗ്‌സ് എന്നിവ മടുത്തു തുടങ്ങിയെന്നും ലോകേഷ് ഈ സോണില്‍ നിന്ന് പുറത്തുവരണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ലോകേഷ് കനകരാജ് Photo: Lokesh Kanagaraj/ X.com
എല്‍.സി.യുവിലെ സിനിമകളെല്ലാം പകുതിക്ക് വെച്ച് നിര്‍ത്തിയ ലോകേഷ് അതെല്ലാം പൂര്‍ത്തിയാക്കിയിട്ട് അഭിനയിക്കാന്‍ ഇറങ്ങിയാല്‍ പോരെ എന്നും ചോദ്യങ്ങളുണ്ട്. ഒരുപാട് ബ്ലഡ് ഷെഡ് സീനുകള്‍ കുത്തിനിറച്ച സിനിമയായി തോന്നുന്നുവെന്നും ബോക്‌സ് ഓഫീസില്‍ ചിത്രം വിജയിക്കാന്‍ സാധിക്കില്ലെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു.
അഭിനയം തനിക്ക് ചേര്‍ന്ന പണിയല്ലെന്നും സംവിധാനം മാത്രം ചെയ്താല്‍ മതിയെന്നും കമന്റുകളുണ്ട്. ലോകേഷിന് പകരം പ്രദീപ് രംഗനാഥന്‍ അഭിനയിച്ചിരുന്നെങ്കില്‍ കുറച്ച് നന്നായേനെയെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ലോകേഷ് തന്റെ എക്‌സ് പേജില്‍ പങ്കുവെച്ച് വീഡിയോക്ക് താഴെയാണ് ഈ കമന്റുകളെല്ലാം. കൂലി പ്രതീക്ഷക്കൊത്ത് ഉയരാത്തതിന് ശേഷം വലിയ സൈബര്‍ അറ്റാക്കാണ് ലോകേഷ് നേരിടുന്നത്.
ഡി.സി. Photo: Screen grab/ Sun Pictures
സംവിധാനം ചെയ്ത സിനിമകളിലെല്ലാം വലിയ രീതിയില്‍ വയലന്‍സ് ഉപയോഗിക്കുന്ന സംവിധായകനാണ് അരുണ്‍ മാതേശ്വരന്‍. റോക്കി, സാനി കായിധം, ക്യാപ്റ്റന്‍ മില്ലര്‍ തുടങ്ങിയ സിനിമകളൊരുക്കിയ അരുണ്‍ ലോകേഷിനെ എങ്ങനെ ഉപയോഗിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. ദേവദാസ്, ചന്ദ്ര എന്നീ പേരുകളുടെ ചുരുക്കെഴുത്താണ് ഡി.സി. ഇന്ത്യയിലെ ഏറ്റവും മികച്ച നോവലിലെ കഥാപാത്രങ്ങളുടെ പേര് തന്റെ കഥാപാത്രങ്ങള്‍ക്ക് അരുണ്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. ദേവദാസായി ലോകേഷും ചന്ദ്രയായി വാമിക ഗബ്ബിയും വേഷമിടുന്നു. സഞ്ജന കൃഷ്ണമൂര്‍ത്തിയും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം.