ന്യൂദല്‍ഹി: ചില്ലറ വ്യാപര രംഗത്ത് വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ പ്രതിപക്ഷത്തിന്റെയും ഘടകകക്ഷികളുടെയും ശക്തമായ എതിര്‍പ്പിനിടയില്‍ പ്രമേയത്തില്‍ ലോക്‌സഭ ഇന്ന് വോട്ടെടുപ്പ് നടത്തും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം സര്‍ക്കാരിനെ രൂക്ഷമായി എതിര്‍ത്തിരുന്നു.[]
ചട്ടം 184 അനുസരിച്ച് ചര്‍ച്ചയും വോട്ടെടുപ്പും നടക്കുന്നതിനൊപ്പം, റീട്ടെയില്‍ എഫ്.ഡി.ഐ. അനുവദിക്കുന്നതിനുള്ള ഫെമ ഭേദഗതിയും അനുവദിക്കാന്‍ പാടില്ലെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ സഹായത്തോടെ മറികടന്നാണ് സര്‍ക്കാര്‍ വോട്ടെടുപ്പിനായി മേല്‍ക്കൈ നേടിയത്.
പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിന്റെ വാദങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ ടെലികോം മന്ത്രി കപില്‍ സിബലാണ് ഇന്നലെ ഭരണ പക്ഷത്തുണ്ടായിരുന്നത്.
വിഷയത്തില്‍ ചര്‍ച്ച പോലും വേണ്ടെന്ന നിലപാടാണ് കേന്ദ്രമന്ത്രി കപില്‍ സിബല്‍ സ്വീകരിച്ചത്. 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ മാത്രമേ എഫ്.ഡി.ഐ. വരൂ. ഇത്തരത്തില്‍ രാജ്യത്ത് 53 നഗരങ്ങള്‍ മാത്രമാണുള്ളത്.
ഇതിനോടെതിര്‍പ്പുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങള്‍ ഒഴിവാക്കിയാല്‍ 18 നഗരങ്ങളില്‍ മാത്രമേ എഫ്.ഡി.ഐ. വരൂ. ഇടനിലക്കാരെ ഒഴിവാക്കാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുമാണ് എഫ്.ഡി.ഐ. അനുവദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റീട്ടെയില്‍ എഫ്.ഡി.ഐ വന്നാല്‍ തട്ടുകടകള്‍ തട്ടിമാറ്റി കെ.എഫ്.സി വിപണി പിടിക്കുമെന്ന് ഭയക്കേണ്ടതില്ല. ഇന്ത്യന്‍ ബ്രാന്‍ഡുകളെ വിലകുറച്ചുകാണേണ്ടതുമില്ല. എഫ്.ഡി.ഐ തീരുമാനത്തെ എന്‍.ഡി.എ മന്ത്രിയായിരുന്ന മുരശൊലി മാരന്‍ (ഡി.എം.കെ) പിന്തുണച്ചിരുന്നുവെന്നും കപില്‍ സിബല്‍ വാദിച്ചു.
റീട്ടെയില്‍ എഫ്.ഡി.ഐ അനുവദിച്ച തീരുമാനം പിന്‍വലിക്കണമെന്ന് ബി.ജെ.പിയും ഇടതുപാര്‍ട്ടികളും അടക്കം പ്രതിപക്ഷം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികള്‍ക്ക് വന്‍കിടക്കാരുമായി മത്സരിക്കാന്‍ കഴിയില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് പറഞ്ഞു.
ലോക്‌സഭയില്‍ സ്വന്തംനിലക്ക് ഭൂരിപക്ഷമില്ലാത്ത യു.പി.എ സര്‍ക്കാര്‍ ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപത്തെക്കുറിച്ച് നടത്തിയ ചര്‍ച്ചാവേളയില്‍ ഇന്നലെ സഭയില്‍ ഒറ്റപ്പെട്ടിരുന്നു. പുറംപിന്തുണ നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയടക്കം, ഭരണത്തിന് പുറത്തുള്ള എല്ലാ പാര്‍ട്ടികളും ബഹുബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ 51 ശതമാനം വിദേശ നിക്ഷേപം (എഫ്.ഡി.ഐ) അനുവദിച്ച തീരുമാനത്തിന് എതിരാണ്. എങ്കിലും ഇന്നത്തെ വോട്ടെടുപ്പില്‍ മുലായം സിങ് യാദവിന്റെ നിലപാട് നിര്‍ണ്ണായകമാകും.
യു.പി.എയില്‍ ഡി.എം.കെയും കോണ്‍ഗ്രസിനൊപ്പമില്ല. എന്നാല്‍, ചര്‍ച്ചക്കൊടുവില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടക്കുമ്പോള്‍, സര്‍ക്കാറിനെ അപകടപ്പെടുത്താതിരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും വിട്ടുനിന്നേക്കും.
ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപത്തിന് എതിരാണെന്ന് യു.പി.എ സഖ്യകക്ഷിയായ ഡി.എം.കെ പറഞ്ഞു. എന്നാല്‍, സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ വോട്ടുചെയ്യില്ല. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സര്‍ക്കാറിനെ താഴെയിറക്കാനില്ല.
ബി.എസ്.പിയും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തു. എന്നാല്‍, വോട്ടെടുപ്പില്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയില്ല. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി പറഞ്ഞു.
പുറത്തുനിന്നു പിന്തുണ നല്‍കുന്ന എസ്.പിയും ബി.എസ്.പിയും വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കാനാണ് സാധ്യത. ഇതോടെ വോട്ടെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ അംഗസംഖ്യ സര്‍ക്കാരിന് ലഭിക്കുമെന്നാണ് സൂചന.
