തിയേറ്ററുകളില്‍ സ്വന്തമാക്കാന്‍ കഴിയുന്ന എല്ലാ റെക്കോഡുകളും സ്വന്തം പേരിലാക്കി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സമീപകാലത്ത് എല്ലാതരം പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

തിയേറ്ററില്‍ ഹിറ്റായ സിനിമകള്‍ക്ക് ഒ.ടി.ടി റിലീസിന് ശേഷം ഓവര്‍റേറ്റഡ് ടാഗ് ലഭിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈയൊരു ചീത്തപ്പേര് ബെത്‌ലഹേമിന് ലഭിക്കില്ലെന്നാണ് പലരുടെയും പ്രതീക്ഷ. ആദ്യദിനം തന്നെ ചിത്രത്തിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. എത്ര കണ്ടാലും മടുക്കാത്ത ചിത്രമെന്നാണ് ഒ.ടി.ടി റിലീസിന് ശേഷവും പ്രേക്ഷക പ്രതികരണം.

എന്നാല്‍ ഇത്രയും ഗംഭീരമായ സിനിമയില്‍ ഒട്ടും ലോജിക്കില്ലാതെ പോയ ഒരു സീനാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. രണ്ടാം പകുതിയില്‍ പ്രധാന കോണ്‍ഫ്‌ളിക്റ്റിലേക്ക് നയിക്കുന്ന ഒരു രംഗം ഫോഴ്‌സ്ഡായി തോന്നിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ജസ്റ്റിനും ആഷ്‌ലിയും തമ്മില്‍ എന്താണ് ബന്ധമെന്നറിയാന്‍ ആഷ്‌ലിയുടെ അമ്മാവന്‍ അലക്‌സ് (വിനയ് ഫോര്‍ട്ട്) ജസ്റ്റിന്റെ വീട്ടിലേക്ക് വരുന്ന രംഗമാണ് ചര്‍ച്ചയാകുന്നത്.

ജസ്റ്റിന്റെ അച്ഛന്‍ ഡേവിസിനോട് കാപ്പി തരുമോ എന്ന് ചോദിക്കുന്ന അലക്‌സ് മുകളിലെ ജസ്റ്റിന്റെ റൂമിലേക്ക് കയറിപ്പോകുന്നതായാണ് കാണിക്കുന്നത്. ജസ്റ്റിന്റെ റൂമിലെ വേസ്റ്റ് ബാസ്‌കറ്റില്‍ നിന്നാണ് ആഷ്‌ലിക്കൊപ്പമുള്ള ഫോട്ടോ കിട്ടുന്നത്. ഇതാണ് പിന്നീട് വലിയ പ്രശ്‌നത്തിലേക്ക് കഥയുടെ റൂട്ട് മാറ്റുന്നതായി കാണിക്കുന്നത്.

ഒട്ടും പരിചയമില്ലാത്ത ഒരു വീട്ടില്‍ കയറിച്ചെന്ന് അവിടെയുള്ള ഒരു റൂമില്‍ പോകുന്നതുവരെ ഓക്കെയാണെന്നും എന്നാല്‍ ആ റൂമിലെ വേസ്റ്റ് ബാസ്‌കറ്റ് കൃത്യമായി പരിശോധിച്ചതില്‍ ലോജിക്കില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. കോണ്‍ഫ്‌ളിക്റ്റുണ്ടാക്കാനായി മനപൂര്‍വം എഴുതിച്ചേര്‍ത്ത സീനാണ് ഇതെന്ന് തോന്നുന്നന്നും കമന്റുകളുണ്ട്.

ബാക്കി എല്ലാ സീനുകളും പെര്‍ഫക്ടായി ഒരുക്കിയ ഗിരീഷ് എ.ഡിക്ക് ഇവിടെ മാത്രം പിഴച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഈ സീനിനെ ന്യായീകരിച്ചുള്ള കമന്റുകളുമുണ്ട്. ഏഴാം അറിവ് എന്ന ചിത്രത്തില്‍ സൂര്യയുടെ ‘ഒരാളുടെ നല്ല സ്വഭാവം മനസിലാക്കാന്‍ അയാള്‍ വായിക്കുന്ന പുസ്തകങ്ങള്‍ നോക്കിയാല്‍ മതി, എന്നാല്‍ അയാളുടെ ദുശീലമറിയാന്‍ അയാളുടെ വേസ്റ്റ് ബാസ്‌കറ്റ് നോക്കിയാല്‍ മതി’ എന്ന ഡയലോഗാണ് പലരും മറുപടിയായി നല്‍കുന്നത്.

അലക്‌സിന് ആ ചലാന്‍ കിട്ടുന്ന സീന്‍ വേറെ ഏതെങ്കിലും രീതിയില്‍ എഴുതിയിരുന്നെങ്കില്‍ ഗംഭീരമായേനെയെന്നും കമന്റുകളുണ്ട്. എന്നാല്‍ ഈയൊരു സീന്‍ മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാം ഗംഭീരമാണ്. സ്‌ക്രീനില്‍ വന്നുപോകുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും കൃത്യമായ സ്‌പെയ്‌സാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ ബെത്‌ലഹേം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Logic less scene in Bethlehem Kudumba Unit discussing after OTT release