ന്യൂദല്‍ഹി: ബി.സി.സി.ഐയെ പരിഷ്‌കരിക്കുന്നതിനായി ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സമഗ്ര പരിഷ്‌കരണത്തിന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ളതാണ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപോര്‍ട്ട് സമര്‍പിച്ചതിനുശേഷം കമ്മീഷന്‍ ജസ്റ്റിസ് ആര്‍.എം ലോധ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.
പൊതുകാര്യങ്ങള്‍ നടത്തുന്ന ദേശീയ സ്ഥാപനമാണ് ബി.സി.സി.ഐയെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് ആറു ഇന്ത്യന്‍ നായകരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ് എന്നിവരും ഇതിലുള്‍പ്പെടുമെന്നും ലോധ വ്യക്തമാക്കി.
ബി.സി.സി.ഐ ഭരണ സമിതിയില്‍ നിന്ന് രാഷ്ട്രീയക്കാര്‍ അടക്കം പുറത്തുപോവുന്ന അതീവ നിര്‍ണായകമായ കാര്യങ്ങളാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മന്ത്രിമാരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തരുതെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഐ.പി.എല്ലിനും ബി.സി.സി.ഐക്കും പ്രത്യേകം ഭരണസമിതികള്‍ കൊണ്ടു വരിക, ബി.സി.സി.ഐയില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഒന്നായി ചുരുക്കുക, ഭരണഘടനയും ബി.സി.സി.ഐയുടെ ഘടനയും മാറ്റുക, മാച്ച് ഒഫീഷ്യല്‍സും കളിക്കാരും സ്വത്തു വിവരം വെളിപ്പെടുത്തുക എന്നിവയാണ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്ന സുപ്രധാന പരിഷ്‌കരണങ്ങള്‍.
ബിസിസിഐയില്‍ ഒരു സംസ്ഥാനത്തുനിന്ന് ഒരു അസോസിയേഷന്‍ മതി. വോട്ടവകാശം ഒരു അസോസിയേഷനു മാത്രമായിരിക്കും. ഐപിഎല്ലിന് നിയന്ത്രിത സ്വയംഭരണാവകാശം മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഎജിക്കും കളിക്കാര്‍ക്കും കൗണ്‍സിലില്‍ പ്രാതിനിധ്യം ഉണ്ടായിരിക്കും. ഇതിനായി കളിക്കാരുടെ അസോസിയേഷന്‍ രൂപീകരിക്കണം,ബിസിസിഐയില്‍ സിഇഒയെ നിയമിക്കും. ബിസിസിഐയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സിഇഒയും ആറു മാനേജറുമാരുമടങ്ങിയ സംഘം നിയന്ത്രിക്കും.
ബിസിസിഐയുടെ പ്രവര്‍ത്തനകാലാവധി ഒന്‍പതു വര്‍ഷമാക്കും. 70 വയസിലധികം പ്രായമുള്ളയാളെ ബിസിസിഐ പ്രസിഡന്റായി മത്സരിക്കാന്‍ അനുവദിക്കില്ല. നിര്‍ണായക വിഷയങ്ങളില്‍ കളിക്കാരുടെ അഭിപ്രായം തേടണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വാതുവയ്പും ഒത്തുകളിയുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനാണ് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ആര്‍.എം. ലോധ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചത്.
